തിരുവനന്തപുരം: കോണ്ഗ്രസ് മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നീക്കം കേരളത്തിൽ തുടങ്ങാനിരിക്കേ എംഎൽഎമാരെ ഒപ്പം നിർത്താനുള്ള നീക്കം സജീവമാക്കി മൂന്നു നേതാക്കളും രംഗത്ത്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും കോണ്ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയുടെയും ഗ്രൂപ്പ് മാനേജർമാർ എംഎൽഎമാരുമായുള്ള ചർച്ചകൾ സജീവമാക്കി.
എംഎൽഎമാരെ നേരിൽ കണ്ട് അഭിപ്രായം തേടാൻ ഹൈക്കമാൻഡ് നിരീക്ഷകർ ഇന്നോ നാളെയോ കേരളത്തിൽ എത്തുന്നുണ്ട്. എംഎൽഎമാരെ കൂട്ടമായും ഒറ്റയ്ക്കും കാണും. പിന്നീട് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും.
കൂടുതൽ എംഎൽഎമാർ ഒപ്പമുണ്ടെന്ന വാദമാണ് കെ.സി. വേണുഗോപാൽ വിഭാഗം അവകാശപ്പെടുന്നത്. കോണ്ഗ്രസ് നേതാക്കളെയും ഘടകക്ഷികൾ അടക്കമുള്ളവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ സാധ്യതയുള്ളയാളാണ് കേരളത്തിൽ മുഖ്യമന്ത്രിയായി വരേണ്ടതെന്ന നിർദേശമാണ് കെ.സി. വേണുഗോപാൽ വിഭാഗം മുന്നോട്ടു വയ്ക്കുന്നത്.
എന്നാൽ, സ്വാഭാവികനീതി വേണമെന്നും പൊതുവിഭാഗത്തിന്റെ പിന്തുണയുള്ളവരെയാണ് മുഖ്യമന്ത്രിയായി കൊണ്ടുവരേണ്ടതെന്നുമുള്ള അഭിപ്രായമാണ് വി.ഡി. സതീശൻ ക്യാമ്പ് മുന്നോട്ടു വയ്ക്കുന്നത്. ഘടകകക്ഷികളുടെ പൂർണ പിന്തുണ സതീശനാണെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്. ഘടകകക്ഷി നേതാക്കളുമായി ഇന്നലെ വി.ഡി. സതീശൻ ഫോണിലും നേരിട്ടും ചർച്ച നടത്തി.
മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമ്പോൾ ഘടകകക്ഷികളുമായും ചർച്ച നടത്തുന്നമെന്നു പ്രതീക്ഷിക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ടീം യുഡിഎഫിനെ നയിച്ച വി.ഡി. സതീശനെ പരോക്ഷമായി പിന്തുണയ്ക്കുന്ന സമീപനമാണ് ലീഗ് സ്വീകരിക്കുന്നത്.
മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോൾ സീനിയോറിറ്റി പരിഗണിക്കണമെന്ന അഭിപ്രായം പുറത്തു പറഞ്ഞ് കോണ്ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല രംഗത്തു വന്നു. ഇപ്പോൾ നിലവിലുള്ളതിൽ സീനിയർ നേതാവ് താനാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കുമ്പോൾ സീനിയോരിറ്റിയും പ്രധാനമായി പരിഗണിക്കുമെന്നാണ് രമേശിനെ അനുകൂലിക്കുന്ന വിഭാഗം സ്വീകരിക്കുക.
കേന്ദ്രനിരീക്ഷകരായി അജയ് മാക്കനും മുകുൾ വാസ്നിക്കും
ന്യൂഡൽഹി: മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് രണ്ടു നിരീക്ഷകരെ നിയോഗിച്ചു. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെയും ട്രഷറർ അജയ് മാക്കനെയുമാണ് നിയോഗിച്ചത്.
നിയമസഭാകക്ഷി യോഗം വിളിച്ചുചേർക്കുന്ന ദിവസം നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുടെ അഭിപ്രായം തേടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.