അമ്പലപ്പുഴ: കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന കതിർ കാർഷിക ക്ലബ് പദ്ധതിയുടെ ഭാഗമായി പുന്നപ്ര യുപി സ്കൂളിൽ പച്ചക്കറി കൃഷി തുടങ്ങി. പദ്ധതി ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ് അധ്യക്ഷത വഹിച്ചു.
കൃഷിയിൽനിന്ന് അകന്നുപോകുന്ന പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക, കുട്ടികളിലൂടെ കാർഷിക സംസ്കാരവും ഭക്ഷ്യോത്പാദനത്തിന്റെ പ്രാധാന്യവും കുടുംബങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
കൃഷിയാണ് ലഹരി എന്ന സന്ദേശത്തിലൂടെ ലഹരിക്കെതിരായ സാമൂഹിക പ്രതിരോധത്തിൽ കാർഷിക പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കാളികളാക്കുകയും ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ പരിപാലനം, സുരക്ഷിതമായ ഭക്ഷ്യോത്പാദനം എന്നിവയ്ക്ക് കരുത്തുപകരുന്ന ജനകീയ മുന്നേറ്റമായി കതിർ പദ്ധതിയെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
കൃത്യതാ കൃഷി, ഹൈഡ്രോപോണിക്സ് തുടങ്ങിയ ആധുനിക കൃഷിരീതികൾ പരിചയപ്പെടുത്തുന്നതിലൂടെ കുറഞ്ഞ സ്ഥലത്തുപോലും കാര്യക്ഷമമായ ഉത്പാദനം സാധ്യമാക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവ് പകരാനാകും.
സ്കൂളിൽ 10 സെന്റ് സ്ഥലത്താണ് പച്ചക്കറിത്തോട്ടം തയാറാക്കുന്നത്.