കട്ടപ്പന: ഖരമാലിന്യ പദ്ധതിയുടെ ഭാഗമായി 2028 വരെ കട്ടപ്പന മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് 45.34 കോടി രൂപയുടെ രൂപരേഖയ്ക്ക് കൗണ്‍സില്‍ അംഗീകാരം നല്കി. കട്ടപ്പനയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതും കൗണ്‍സില്‍ തീരുമാനിച്ചു.
നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ 28 അജൻഡകളാണ് ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തത്. കട്ടപ്പന താലൂക്ക് ആശുപതിയില്‍ ജനറല്‍ സര്‍ജന്റെ സേവനം ലഭ്യമായതിനാല്‍ രണ്ടു നഴ്സിംഗ് അസിസ്റ്റന്റുമാരെ കൂടുതല്‍ നിയമിക്കും. നഗരസഭാ പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ ഭക്ഷണശാലകള്‍, ബജിക്കടകള്‍, പെട്ടിക്കടകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതായി പരാതിയുള്ളതിനാല്‍ ശക്തമായ പരിശോധന നടത്തുമെന്നും ചെയർമാൻ അറിയിച്ചു.
നഗരസഭയില്‍ മാംസ സ്റ്റാള്‍ നിര്‍മാണം നടക്കുന്നതിനാല്‍ മാംസ വില്പനയ്ക്ക് തടസം ഉണ്ടാകുന്നുണ്ടന്നും നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ബദല്‍ സംവിധാനം ഒരുക്കുമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.