ചാത്തമംഗലം (കോഴിക്കോട്): നാലാം ദിവസത്തിന്റെ അവസാനനിമിഷങ്ങൾ. ജൂനിയർ വിഭാഗം 400 മീറ്റർ ഹർഡിൽസ്. മിന്നൽപ്പിണരായി ശ്രീഹരി കരിക്കൻ. മീറ്റ് റിക്കാർഡ്. നാലാം ദിവസത്തിന്റെ റിക്കാർഡ് വരൾച്ചയ്ക്ക് അറുതി. മേളയിലെ അഞ്ചാമത്തെ മീറ്റ് റിക്കാർഡ് പിറന്നു.
റിക്കാർഡ് ഡബിളിന്റെ ആനന്ദവും ശ്രീഹരിക്ക് സ്വന്തം. നേരത്തേ 400 മീറ്ററിലും ശ്രീഹരി മീറ്റ് റിക്കാർഡോടെ സ്വർണമണിഞ്ഞിരുന്നു. 400 മീറ്റർ ഹർഡിൽസിൽ 52.44 സെക്കൻഡിലാണ് തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി സ്വന്തം റിക്കാർഡ് മറികടന്നത്.
മീറ്റിന്റെ നാലാം ദിനം സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ രണ്ടു മിനിറ്റ് 16 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത നിവേദ്യ കലാധര്‍ ഹാട്രിക് സ്വർണം നേടി. 400, 1500 മീറ്ററുകളിലും നിവേദ്യ സ്വർണമണിഞ്ഞിരുന്നു. പാലക്കാട് വണ്ടൂര്‍ വിഎംഎച്ച്എസ്എസ് വിദ്യാർഥിനിയാണ് നിവേദ്യ. ജൂനിയർ വിഭാഗത്തിൽ സെന്റ് ജോർജ് എച്ച്എസ്എസ് കുളത്തുവയലിലെ അൽക്ക ഷിനോജ് (1500, 800), തിരുവനന്തപുരം ജി.വി.രാജയിലെ പി.കെ. അദിത് (800, 1500), സീനിയർ പെൺകുട്ടികളുടെ സോന ടി. മോഹനൻ (ഷോട്ട്പുട്ട്, ഡിസ്കസ്ത്രോ) എന്നിവർ ഇരട്ടസ്വർണം നേടി.
ഓവറോൾ പോയിന്റ് നിലയിൽ തിരുവനന്തപുരമാണ് മുന്നിൽ. 2004.3 പോയിന്റ്. 951.3 പോയിന്റുമായി തൃശൂർ രണ്ടാമതും 887.3 പോയിന്റുമായി മലപ്പുറം മൂന്നാമതുമാണ്. കണ്ണൂരും കോഴിക്കോടും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.
അത്ലറ്റിക്സിൽ 168 പോയിന്റോടെ മലപ്പുറമാണ് മുന്നിൽ. 128 പോയിന്റുമായി പാലക്കാട് രണ്ടാമതും 88 പോയിന്റോടെ തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്. 76 പോയിന്റുള്ള ആലപ്പുഴയും 62 പോയിന്റുമായി കോഴിക്കോടുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
സ്കൂളുകളിൽ 71 പോയിന്റോടെ മലപ്പുറം ജില്ലയിലെ ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരി ഒന്നാം സ്ഥാനത്തു നിൽക്കുന്നു. 34 പോയിന്റോടെ പാലക്കാട് ജില്ലയിലെ വടവന്നൂർ വിഎംഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 30 പോയിന്റോടെ മലപ്പുറം ആലത്തിയൂർ കെഎച്ച് എംഎച്ച് എസ്എസ് മൂന്നാം സ്ഥാനത്തുമാണ്. കോരുത്തോട് സികെഎംഎച്ച്എസ്എസ് (23), സെന്റ് ജോർജ് എച്ച്എസ്എസ് കുളത്തുവയൽ (23), സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുല്ലൂരാംപാറ (21), ജിഎച്ച്എസ്എസ് കുട്ടമത്ത് (18), എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
കായികമേള ഇന്ന് സമാപിക്കും. വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് മുഖ്യാതിഥിയാകും.