കണ്ണൂർ: ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ഭാഗമായി പരിശീലന ശില്പശാല സംഘടിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികൾ, ഡിജിറ്റൽ കൃഷി രീതികൾ തുടങ്ങിയവയിൽ വിവിധ കാർഷിക വിഭാഗങ്ങളിലുൾപെട്ടവരുടെ പരിശീലന ആവശ്യങ്ങൾ നിർണയിക്കുന്നതിനുള്ള ജില്ലാതല പരിശീലന ശില്പശാലയാണ് നടന്നത്. ജില്ലാ മണ്ണ് പരിശോധനാ ലാബ് ഹാളിൽ നടന്ന ശില്പശാല കണ്ണൂർ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ-ചാർജ് തുളസി ചെങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.പി. സുരേഷ് അധ്യക്ഷത വഹിച്ചു.
കാർബൺ ക്രെഡിറ്റ് വിപണിയിലെ പങ്കാളിത്തം, മണ്ണിന്റെ ആരോഗ്യ സംരക്ഷണം, ജല സംരക്ഷണം തുടങ്ങിയ ആധുനിക കാലാവസ്ഥാ-സൗഹൃദ കൃഷി രീതികളിൽ കർഷകരെ ശാക്തീകരിക്കുന്നതോടൊപ്പം മാനേജ്മെന്റ് മികവ്, ഡിജിറ്റൽ കൃഷിരീതികൾ എന്നിവയിൽ മികവ് മെച്ചപ്പെടുത്തി കാർഷിക മേഖലയുടെ സുസ്ഥിരത ഉറപ്പു വരുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ചടങ്ങിൽ കേര നോർത്ത് റീജിണൽ പ്രൊജെക്ട് ഡയറക്ടർ സ്മിതാ ഹരിദാസ് പദ്ധതി വിശദീകരണം നടത്തി. കേര റീജീണൽ പ്രൊജക്റ്റ് മാനേജർ കെ.കെ. ആദർശ്, സോയിൽ കെമിസ്റ്റ് പ്രദീപ് കുമാർ, ആർ. വീണാ റാണി തുടങ്ങിയവർ പ്രസംഗിച്ചു.