കൽപ്പറ്റ: കാലാവസ്ഥാനുസൃതവും സുസ്ഥിരവുമായ കൃഷി പ്രോത്സാഹിപ്പിച്ച് കർഷകർക്കു മികച്ച വിപണി, ന്യായമായ വില ഉറപ്പാക്കാൻ സർക്കാർ 2,365 കോടി രൂപ വകയിരുത്തി കേര പദ്ധതി നടപ്പാക്കുമെന്ന് കാർഷിക വികസന-കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്.
അന്പലവയൽ സെന്റർ ഓഫ് എക്സലൻസ് ട്രെയിനിംഗ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് നിരവധി പദ്ധതികളാണ് നടപ്പാക്കിയതെന്നും 40 വർഷത്തിനിടെ സംസ്ഥാനത്ത് കൃഷിവകുപ്പ് നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണു കേരയെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ കാപ്പി കൃഷിക്കായി പ്രത്യേക പദ്ധതികളും കേര പദ്ധതിയിൽ ഉൾപ്പെടുത്തും. 25 സെന്റ് മുതൽ 10 ഹെക്ടർ വരെ സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകർക്കാണ് കേര പദ്ധതി മുഖേന സഹായം ലഭിക്കുക. 32,000 കർഷകർക്ക് നാലു വർഷംകൊണ്ട് കാലാവസ്ഥ അനുയോജ്യമായ കൃഷിരീതികളിൽ പരിശീലനം നൽകും. വിപണനം, വളം പരിചരണം, ജലസേചനം, ജലസംഭരണ സംവിധാനം, സാന്പത്തിക സഹായം, ഗുണമേന്മയുള്ള തൈകൾ ഉത്പാദിപ്പിക്കാൻ നഴ്സറികൾക്കു സഹായം തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
കാർഷികമേഖലയിൽ കാലാവസ്ഥ അധിഷ്ഠിത ഇൻഷ്വറൻസ് പദ്ധതി 14 ജില്ലകളിലും നടപ്പാക്കി. ജനുവരി 15 വരെ ഇൻഷ്വറൻസ് പദ്ധതിയിൽ ചേരാം. നെൽ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ റാപ്പിഡ് റെസ്പോണ്സ് ടീം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കുരുമുളക് കർഷകർ നേരിടുന്ന മഞ്ഞളിപ്പ് രോഗത്തിനു പരിഹാരം കാണാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസർച്ച് സെന്ററും കാർഷിക വകുപ്പും സംയുക്തമായി പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രാഥമിക കൃഷിക്കു പുറമേ സെക്കൻഡറി കൃഷിക്കും തുല്യ പ്രാധാന്യം നൽകുന്നുണ്ട്. നാച്ചുറൽ ഫാമിംഗ് വ്യാപിപ്പിച്ചതിലൂടെ വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.