കൊച്ചി: അവയവദാന നടപടികള്‍ ലളിതവും സുതാര്യവുമാക്കുന്നതിനായി ഉപദേശകസമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ദേശീയ മാര്‍ഗ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്തു നടപ്പാക്കണമെന്ന് ഹൈക്കോടതി.
ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റികളുടെയും ആശുപത്രിതല സമിതികളുടെയും അനുമതിക്കുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി സമയബന്ധിത തീരുമാനം ഉണ്ടാകുംവിധം ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്നതടക്കം നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.
പരോപകാരമായി വൃക്ക, കരള്‍, ചര്‍മം എന്നിവ നല്കാന് തയാറായി കെ സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ പ്രാഥമിക പരിശോധനച്ചെലവുകള് കെ സോട്ടോ വഹിക്കണം. ഇതു പിന്നീട് അവയവം സ്വീകരിക്കുന്നവരില്‍നിന്ന് ഈടാക്കാം. കെ സോട്ടോയ്ക്കു മാത്രമേ പരോപകാര അവയവദാനത്തിനായി അപേക്ഷ ക്ഷണിക്കാനാകൂ.
ആശുപത്രികള്‍ അവയവമാറ്റ ചികിത്സാനിരക്കുകള്‍ വെളിപ്പെടുത്തണം. പരമാവധി ഈടാക്കാവുന്ന നിരക്ക് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് കെ സോട്ടോ നിശ്ചയിക്കണം. തൃശൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത അനധികൃത അവയവമാറ്റ ആരോപണങ്ങളില്‍ ആവശ്യമായ നിയമനടപടികളിലൂടെ പുനരന്വേഷണ സാധ്യത പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.