ന്യൂഡൽഹി: ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ഈ മാസം 27 വരെ നടക്കുന്ന വ്യാപാരമേളയിൽ നാലാം നന്പർ ഹാളിലാണ് കേരളത്തിന്റെ 299 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്രദർശനവേദി. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നതാണ് ഈ വർഷത്തെ മേളയുടെ ആശയം. കേരളത്തിന്റേതായ 27 സ്റ്റാളുകളും പവലിയനിലുണ്ട്. ഉദ്ഘാടനത്തിനുശേഷം സ്റ്റാളുകൾ മുഖ്യമന്ത്രി സന്ദർശിച്ചു.
സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്, കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാർ, വിവര-പൊതുജന സന്പർക്ക വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
18 വരെ ബിസിനസ് കാര്യങ്ങൾക്കു മാത്രമാണ് വ്യാപാരമേളയിലേക്കു പ്രവേശനം. പിന്നീടുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. രാവിലെ പത്തുമുതൽ വൈകുന്നേരം 5.30 വരെയാണ് പൊതുജനങ്ങൾക്ക് സന്ദർശനസമയം. കേരളം പവലിയന്റെ മേൽനോട്ടം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനാണ്. വ്യാപാരമേളയിൽ മറ്റു സംസ്ഥാനങ്ങളും പവലിയനുകൾ ഒരുക്കിയിട്ടുണ്ട്.
സാംസ്കാരിക വകുപ്പ്, കേരള ബാംബൂ മിഷൻ, കയർ വികസന വകുപ്പ്, ഹാൻഡ് ലൂം ആൻഡ് ടെക്സ്റ്റൈൽസ്, സഹകരണ വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, മത്സ്യഫെഡ്, വ്യവസായ-വാണിജ്യ വകുപ്പ്, നോർക്ക, ഫാം ഇൻഫർമേഷൻ ബ്യൂറോ, കുടുംബശ്രീ, ഹാൻടെക്സ്, കയർ മാർക്കറ്റിംഗ്, ഫെഡറേഷൻ, ഫിഷറീസ് (സാഫ്), അതിരപ്പിള്ളി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കന്പനി, കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കേരഫെഡ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, ഹാൻഡി ക്രാഫ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ (കൈരളി), ഹാൻവീവ്, തദ്ദേശ സ്വയംഭരണവകുപ്പ്, ഔഷധി, വിനോദസഞ്ചാര വകുപ്പ് എന്നിവയുടെ സ്റ്റാളുകളാണ് കേരള പവലിയനിൽ ഒരുക്കിയിരിക്കുന്നത്.