തൃശൂർ: കേരള വനിതാ ഫുട്ബാൾ ലീഗിൽ പരാജയമറിയാത്ത കുതിപ്പുമായി ഗോകുലം കേരള എഫ്സിക്കു വീണ്ടും കിരീടനേട്ടം. ആവേശകരമായ ഫൈനലിൽ ലോർഡ്സ് എഫ്എ കൊച്ചിയെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കു തകർത്താണ് ഗോകുലം കിരീടത്തിൽ മുത്തമിട്ടത്.
2023-24 സീസണിലെ ഫൈനലിലേറ്റ പരാജയത്തിനു പകരംചോദിക്കാനിറങ്ങിയ കൊച്ചിക്ക്, ഗോകുലത്തിന്റെ ആക്രമണത്തിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഈ സീസണിൽ ഫൈനൽ ഉൾപ്പെടെ കളിച്ച പത്തു മത്സരങ്ങളും വിജയിച്ചാണ് ഗോകുല വനിതകൾ കപ്പുയർത്തിയത്. ഗോകുലത്തിന്റെ നാലാം കിരീടനേട്ടം.
മത്സരത്തിന്റെ 17-ാം മിനിറ്റിൽ ലൗറെംബാം മേനകാദേവിയിലൂടെ ഗോകുലം അക്കൗണ്ട് തുറന്നു. മുസ്കാൻ നൽകിയ പാസ് സ്വീകരിച്ച് ബോക്സിനു പുറത്തുനിന്ന് മേനകാദേവി തൊടുത്ത ഷോട്ട് കൊച്ചി പ്രതിരോധതാരത്തിന്റെ ദേഹത്തും ഗോളി ആരതിയുടെ കൈയിലുംതട്ടി വലയിൽ കയറുകയായിരുന്നു (1-0).
22-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വച്ച് ഷിൽജി ഷാജി തൊടുത്ത ഷോട്ട് ഗോൾകീപ്പറെ കീഴടക്കി വലയിൽ. 37-ാം മിനിറ്റിൽ ആര്യയിലൂടെ ഗോകുലം മൂന്നാംഗോളും നേടി. മേനകാദേവിയുടെ കോർണർ കിക്കിൽനിന്നായിരുന്നു ആര്യയുടെ ഗോൾ.
59-ാം മിനിറ്റിൽ ഷിൽജി ഷാജിയുടെ പാസിൽ നിന്ന് ആര്യ തന്റെ രണ്ടാംഗോളും ടീമിന്റെ നാലാംഗോളും സ്വന്തമാക്കി. 85-ാം മിനിറ്റിൽ അലീന വലംകാലുകൊണ്ട് തൊടുത്ത തകർപ്പൻ ലോംഗ് റേഞ്ചർ ലോഡ്സിന്റെ ഗോൾപോസ്റ്റിലേക്കു പറന്നിറങ്ങി.