സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും കലകളുടെയും നാടായ കേരളത്തിന്റെ ജന്മദിനം 1956 നവംബര്‍ ഒന്നിനായിരുന്നു. ഇന്ന് 2026 നവംബര്‍ ഒന്ന്. ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ ഈ കൊച്ചുസംസ്ഥാനം സപ്തതി നിറവിൽ. കേരളത്തിന്റെ യുവത്വത്തിന് തങ്ങളുടെ നാടിനെക്കുറിച്ച് വലിയ അഭിമാനമാണ്, പ്രതീക്ഷയാണ്. തങ്ങളുടെ നിലപാടുകളില്‍ വ്യക്തതയുള്ള, ഭാവിയെക്കുറിച്ച് കാഴ്ചപ്പാടുള്ള ജെന്‍ സികളും ജെന്‍ ആല്‍ഫകളും സോഷ്യൽ മീഡിയ താരങ്ങളും അവരുടെ ആവശ്യങ്ങളും ആശകളും പങ്കുവയ്ക്കുന്നു.
നവകേരളത്തിന്റെ ഭാവി സാധ്യതകൾ
കേരളപ്പിറവിയുടെ നിറവിൽ നിൽക്കുന്ന നമ്മുടെ സംസ്ഥാനത്തിന് വികസിത ഭാരത സൃഷ്ടിക്കുവേണ്ടി ഒരുപാട് സംഭാവനകൾ ചെയ്യാൻ കഴിയും. മാനവ വിഭവശേഷിയുടെ കാര്യത്തിൽ മറ്റേത് ഇന്ത്യൻ സംസ്ഥാനത്തിനും മാത്യകയാണ് കേരളം. എന്നാൽ, നാം ഇന്നു കാണുന്നത് കുട്ടികളുടെയും അഭ്യസ്്തവിദ്യരായ ചെറുപ്പക്കാരുടെയും വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ്.
എൺപതുകളിലെയും തൊണ്ണൂറുകളിലെയും ഗൾഫ് കുടിയേറ്റത്തിൽനിന്ന് വിഭിന്നമാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം. ജീവിതനിലവാര സൂചികയിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ നമ്മൾ മുന്നിലാണെന്നിരിക്കെ എന്തുകൊണ്ട് നമ്മുടെ പുതിയ തലമുറ നാടുവിട്ടു പോകുന്നു എന്ന് നാം ഗൗരവമായി ചിന്തിക്കണം. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മുൻപന്തിയിലുള്ളപ്പോഴും യുവജനങ്ങൾക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് തൊഴിൽ ലഭ്യമാക്കുന്നതിൽ നാം പലപ്പോഴും പരാജയപ്പെടുന്നു. ഇതിനൊരു മാറ്റം വരേണ്ടത് അനിവാര്യമാണ്.
എഐ അധിഷ്ഠിത കോഴ്സുകൾ സ്കൂൾ തലത്തിൽതന്നെ ആരംഭിക്കാൻ ശ്രദ്ധ ചെലുത്തണം. വർഷങ്ങളോളം സർക്കാർ ജോലിക്കായി കാത്തുനിൽക്കേണ്ടിവരുന്ന അവസ്ഥയ്ക്കും മാറ്റം വരണം. തൊഴിൽ അന്വേഷകരിൽനിന്ന് തൊഴിൽ ദാതാക്കളായി മാറാനും സംരംഭകത്വ സംസ്കാരം വളർത്താനും ശ്രമിക്കേണ്ടത് കേരളത്തിന്റെ ഭാവിക്ക് അനിവാര്യമാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങളെ ഗൗരവമായി പഠിച്ച് പരിഹാരം കണ്ടെത്തുക എന്നത് ഭാവികേരളത്തിന്റെ നിലനില്പിന്റെ ആവശ്യമാണ്. ടൂറിസം രംഗത്തിന്റെ സാധ്യതകളെ പൂർണരൂപത്തിൽ പ്രയോജനപ്പെടുത്തണം. വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും പറുദീസയാക്കി നാടിനെ മാറ്റിയാൽ മാത്രമേ കേരളത്തിന് വികസനക്കുതിപ്പ് സാധ്യമാകൂ.
പിഎസ്സി, യുപിഎസ്സി തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് മികച്ച പഠനാന്തരീക്ഷമൊരുക്കാൻ കഴിയണം. സ്ഥിരവരുമാനമുള്ള ഒരു ജോലി എന്നതിനേക്കാൾ ജനസേവനം എന്ന ലക്ഷ്യത്തിനാവണം ഗവൺമെന്റ് ഉദ്യോഗസ്ഥർ മുൻഗണന നല്‍കേണ്ടത്. കേരളത്തിന്റെ മതേതര കാഴ്ചപ്പാടിനെ തകർക്കുന്ന എല്ലാ ശക്തികളെയും എതിർത്താൽ മാത്രമേ നവകേരളത്തിന് സുസ്ഥിരഭാവി പ്രദാനം ചെയ്യാൻ കഴിയൂ. അതുകൊണ്ടുതന്നെ നമ്മുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി പരിമിതികളെ മറികടന്ന് ഒരുമിച്ച് മുന്നോട്ടു നീങ്ങാം.
ആനന്ദ് പ്യാരേലാൽ (ഐപിഎസ് (പ്രൊബേഷൻ) ഒഡിഷ കേഡർ)
കഥകൾ പറയുന്നവരുടെ കൂടിയാകണം
ഒരുകാലത്ത് കേരളത്തിന്റെ കഥകൾ പറഞ്ഞിരുന്നത് നമ്മുടെ മുത്തശ്ശിമാരായിരുന്നു. ഇന്ന് ആ കഥകൾ ലോകത്തോട് പറയാൻ നമ്മുടെ കൈയിലൊരു മൊബൈൽ ഫോണുണ്ട്. കഥ പറയാനുള്ള വേദികൾ മാറിയെങ്കിലും മനുഷ്യരെ ഏറ്റവും ആഴത്തിൽ സ്വാധീനിക്കുന്നത് ഇന്നും മനുഷ്യരുടെ കഥകളാണ്. സോഷ്യൽ മീഡിയ സ്റ്റോറിടെല്ലർ എന്ന നിലയിൽ ഞാൻ വിശ്വസിക്കുന്നത്, നാളത്തെ കേരളം കഥകൾ കേൾക്കുന്നവരുടെ മാത്രമല്ല, കഥകൾ പറയുന്നവരുടെ കൂടിയാകണമെന്നാണ്. സാധാരണ മനുഷ്യന്റെ ജീവിതത്തിനുപോലും ലോകത്തിന്റെശ്രദ്ധ നേടാൻ കഴിയുന്ന കാലമാണിത്.
പുതിയ തലമുറയുടെ ചിന്തകളെയും സ്വപ്നങ്ങളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്ന സോഷ്യൽ മീഡിയയെ കൂടുതൽ ക്രിയാത്മകമായി ഉപയോഗിക്കാൻ കേരളം പഠിക്കണം. സ്കൂൾതലം മുതൽ ഡിജിറ്റൽ സാക്ഷരതയും ഉത്തരവാദിത്വമുള്ള സോഷ്യൽ മീഡിയ ഉപയോഗവും പഠിപ്പിക്കണം. യുവാക്കൾക്ക് കണ്ടന്റ് ക്രിയേഷനിലും ഡിജിറ്റൽ സംരംഭകത്വത്തിലും പരിശീലനവും അവസരങ്ങളും ഒരുക്കണം. നമ്മുടെ കലയും സംസ്കാരവും നാട്ടറിവുകളും സാധാരണ മനുഷ്യരുടെ ജീവിതകഥകളും ലോകത്തെത്തിക്കാൻ സർക്കാർ തലത്തിൽ പ്രോത്സാഹനമുണ്ടാകണം.
ലൈക്കുകളും വ്യൂസുകളും നേടുന്നതിനപ്പുറം മനുഷ്യരെ ചേർത്തുനിർത്താനും നല്ല മാറ്റങ്ങൾക്ക് തുടക്കമിടാനും സോഷ്യൽ മീഡിയയ്ക്ക് കഴിയണം. കാരണം, നാളത്തെ കേരളത്തിന്റെ യഥാർഥ പുരോഗതി സാങ്കേതികവിദ്യയിൽ മാത്രമല്ല, അത് മനുഷ്യർക്കുവേണ്ടി എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ്. ഓരോ മനുഷ്യനും സ്വന്തം കഥ പറയാൻ അവസരമുള്ള, ഓരോ നല്ല കഥയ്ക്കും ലോകത്തെ സ്വാധീനിക്കാൻ കഴിയുന്ന, ലൈക്കുകൾക്കും വ്യൂസുകൾക്കുമപ്പുറം മനുഷ്യരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഒരു ഡിജിറ്റൽ കേരളമാണ് എന്റെ സ്വപ്നം.
ഫാ. ബിബിൻ ഏഴുപ്ലാക്കൽ എംസിബിഎസ് (സോഷ്യൽ മീഡിയ സ്റ്റോറിടെല്ലർ)
കർഷകന് ലാഭമുണ്ടാകണം
കേരളത്തിലെ കർഷകന്റെ യഥാർഥ വെല്ലുവിളി കൂടുതൽ വിളവ് നേടുക മാത്രമല്ല, എല്ലാ ചെലവുകളും കഴിഞ്ഞ് മികച്ച ലാഭം ഉറപ്പാക്കുക എന്നതാണ്. ഉയർന്ന കൂലിച്ചെലവ്, തൊഴിലാളിക്ഷാമം, ചെറുതും ചിതറിയതുമായ കൃഷിയിടങ്ങൾ, കാലാവസ്ഥാ വ്യതിയാനം, കീടരോഗങ്ങൾ എന്നിവ കാർഷിക ലാഭത്തെ കുറയ്ക്കുന്നു. ഇതിന് ശാസ്ത്രീയ കൃഷിരീതികളും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ച സമീപനമാണ് ആവശ്യം.
ആധുനിക സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം കാർഷികരംഗത്ത് പുതിയ സാധ്യതകൾ തുറക്കുന്നു. കൃഷിയിടങ്ങളിൽ ഡ്രോണുകൾ ഉപയോഗിക്കുക വഴി വിളസംരക്ഷണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും തൊഴിലാളികളുടെ അധ്വാനം കുറയ്ക്കാനും സഹായിക്കും. തവനൂരിലെ നിയന്ത്രിത പരിസ്ഥിതിയിലുള്ള കൃഷിരീതികൾ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) അധിഷ്ഠിത നിരീക്ഷണം, RADTAR പോലുള്ള സംരംഭങ്ങൾ, റോബോർട്ടിക്സും ഓട്ടോമേഷനും, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവ കൃഷിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള മാതൃകകളാണ്. എന്നാൽ ഡ്രോണ്‍ രോഗനിർണയത്തിന് പകരമാകാനാവില്ല; കൃത്യമായ നിരീക്ഷണവും വിദഗ്ധ ഉപദേശവും അത്യാവശ്യമാണ്.
മണ്ണുപരിശോധന നടത്തുക, കൃഷിച്ചെലവും വരുമാനവും രേഖപ്പെടുത്തുക, ജലം സംരക്ഷിക്കുക, സംയോജിത കീടനിയന്ത്രണം സ്വീകരിക്കുക, വിപണി മുൻകൂട്ടി കണ്ടെത്തുക എന്നിവയ്ക്ക് മുൻഗണന നൽകണം. കർഷക ഉത്പാദക സംഘടനകളും ഡിജിറ്റൽ വിപണികളും കൂട്ടായ വിൽപനയ്ക്കും മൂല്യവർധനയ്ക്കും അവസരമൊരുക്കണം. കൃഷി ഓഫീസർമാരും വിദഗ്ധരും കർഷകരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ശാസ്ത്രീയ ഉപദേശവും മാർഗനിർദേശങ്ങളും പ്രായോഗിക പരിശീലനവും നൽകണം.
കേരളത്തിലെ കാർഷിക പുരോഗതി അളക്കേണ്ടത് വിളവിന്റെ അളവിൽ മാത്രമല്ല; ചെലവുകൾ കഴിഞ്ഞ് കർഷകന്റെ കൈയിൽ ശേഷിക്കുന്ന വരുമാനത്തിലാണ്. സാങ്കേതികവിദ്യയും ശാസ്ത്രീയകൃഷിയും വിപണനവും കൈകോർത്താൽ കൃഷിയെ കൂടുതൽ ലാഭകരവും സുസ്ഥിരവുമായ ഉപജീവനമാർഗമാക്കി മാറ്റാം.
അലൻ ജയിംസ് (പുളിക്കത്താഴെ കുളക്കട്ടുകുർശി, പാലക്കാട്)
സ്വതന്ത്ര സംഗീതത്തിനു സ്വന്തമായൊരു ഇടം
കേരളത്തെക്കുറിച്ചു ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്. നമ്മുടെ ഭാഷയിലും സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും കേരളം കൈവരിച്ച നേട്ടങ്ങള്‍ അഭിമാനകരമാണ്. കേരളം ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട്, പക്ഷേ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. പ്രത്യേകിച്ച് സംഗീതരംഗത്ത്, സ്വതന്ത്ര സംഗീതത്തിനു സ്വന്തമായൊരു ഇടവും സ്വതന്ത്ര ആര്‍ട്ടിസ്റ്റുകള്‍ക്ക് അവരുടെ കഴിവുകള്‍ വളര്‍ത്താനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും അവസരങ്ങളുമുള്ള കേരളമാണ് ഞാന്‍ സ്വപ്നം കാണുന്നത്. പുതിയ തലമുറയ്ക്ക് അവരുടെ സ്വപ്നങ്ങള്‍ സ്വന്തം മണ്ണില്‍ നിന്നുകൊണ്ടു തന്നെ യാഥാര്‍ഥ്യമാക്കാന്‍ കഴിയട്ടെ. എല്ലാവര്ക്കും കേരളപ്പിറവി ആശംസകള്‍!
സെബാ ടോമി (ഗായിക)
യുവജനങ്ങള്‍ ശബ്ദം ഉയര്‍ത്തണം
വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം തുടങ്ങിയ സൂചികകളില്‍ കേരളം എക്കാലത്തും മുന്നിലാണെങ്കെിലും, ഇതില്‍ മാത്രം തൃപ്തിപ്പെടാതെ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. പ്രധാനമായും യുവജനങ്ങള്‍ തൊഴില്‍ തേടി ഇതര സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും കുടിയേറുന്ന പ്രവണത തടയണം. കേരളം മാനവ വിഭവശേഷി മാത്രം നൽകുന്ന ഒരിടമായി ചുരുങ്ങിപ്പോകരുത്. പകരം, ക്രിയേറ്റീവായ ആശയങ്ങളും പ്രമുഖ കമ്പനികളുടെ പദ്ധതികളും നടപ്പിലാക്കാന്‍ സാധിക്കുന്ന തൊഴില്‍ സംസ്കാരം വളര്‍ന്നുവരണം.
സ്ത്രീ-പുരുഷ തുല്യതയുടെ കാര്യത്തില്‍ കേരളം മുന്നിലാണെങ്കിലും, രാഷ്ട്രീയത്തിലേക്കും പൊതു ഇടങ്ങളിലേക്കും യുവതലമുറ കടന്നുവരുമ്പോള്‍ അവര്‍ക്ക് എത്രത്തോളം സ്വീകാര്യതയും അവസരങ്ങളും സമൂഹം നല്കുന്നു എന്നത് പ്രധാനമാണ്. യുവതയുടെ ആശയങ്ങള്‍ക്കും കഴിവുകള്‍ക്കും നാടിന്റെ വികസനത്തില്‍ അര്‍ഹമായ ഇടം ലഭിക്കേണ്ടതുണ്ട്. സ്ത്രീകളും കുട്ടികളും പ്രായമായവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും (അനാഥാലയങ്ങളിലെ അന്തവാസികള്, മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അംഗങ്ങള്‍ ) സുരക്ഷിതരായിരിക്കുന്ന കേരളമാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. പോലീസും സര്‍ക്കാരും ഇവര്‍ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പാക്കണം.
ബഹുനിലക്കെട്ടിടങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല വികസനം, മറിച്ച് ഓരോ കുടുംബത്തിന്റെയും ജീവിതനിലവാരവും സാമൂഹികാവസരങ്ങളും ഉയരുമ്പോഴാണ് യഥാര്‍ഥ വികസനം സാധ്യമാകുന്നത്. പുതിയ തലമുറയിലെ പലര്‍ക്കും ഒരു പാര്‍ട്ടിയുടെ എല്ലാ നയങ്ങളോടും പൂര്‍ണമായി യോജിച്ചുപോകാന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍, ഒരു പാര്‍ട്ടിയില്‍ അംഗമല്ലെന്നതുകൊണ്ടു മാത്രം ഒരാള്‍ രാഷ്ട്രീയത്തിന് അതീതനാണെന്ന് പറയാനാവില്ല. രാഷ്ട്രീയം നമ്മെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്നുണ്ട് എന്ന സത്യം മനസിലാക്കി യുവജനങ്ങള്‍ സ്വന്തം ശബ്ദം ഉയര്‍ത്തണം.
ദിയ ബിനു പുളിക്കക്കണ്ടം (പാലാ നഗരസഭ കൗണ്‍സിലർ) (ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേഴ്സണായിരുന്നു)
സ്വന്തം മണ്ണിൽ സ്വപ്നം വിതയ്ക്കാം
ബിരുദ സർട്ടിഫിക്കറ്റുമായി വിമാനത്താവളത്തിലേക്ക് ഓടുന്ന യുവത്വമല്ല, സ്വന്തം മണ്ണിൽ സ്വപ്നം വിതയ്ക്കുന്ന തലമുറയാണ് ഭാവി കേരളത്തിന്റെ കരുത്ത്. ബ്രെയിൻ ഡ്രെയിനിനുള്ള ഉത്തരം നമ്മുടെ വയലുകളിലും തോട്ടങ്ങളിലുമുണ്ട്. കുട്ടനാടൻ നെല്ലും തൃശൂർ കോൾനിലങ്ങളും വാഴക്കുളം കൈതച്ചക്കയും ഇടുക്കിയുടെ ഏലവും കുരുമുളകും റബറും ഏത്തക്കായയും പഠനത്തിന്റെ ഭാഗമാകണം.
കാമ്പസുകൾ കർഷകരുമായി കൈകോർത്ത് ഗവേഷണം നടത്തണം; വിദ്യാർഥി സ്റ്റാർട്ടപ്പുകൾ നമ്മുടെ തനത് ഉത്പന്നങ്ങളെ ലോകോത്തര ബ്രാൻഡുകളാക്കണം. പുസ്തകത്തോടൊപ്പം മണ്ണിലിറങ്ങുന്നവർ അഭിമാനത്തോടെ അറിയപ്പെടണം. ലഹരിമുക്തമായ ക്യാമ്പസുകളും അവസരങ്ങൾ നിറഞ്ഞ നാടും ഉണ്ടാകണം. ഇവിടെ പഠിച്ച്, ഇവിടെത്തന്നെ വളരാൻ കൊതിക്കുന്ന യുവത, അതാണ് എന്റെ കേരളം.
കേരളപ്പിറവി ദിനാശംസകൾ!
ആൻ സെബാസ്റ്റ്യൻ (എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെംബർ)
സ്പോർട്സ് ഹബ്ബാക്കി മാറ്റണം
കേരളത്തിന്റെ കായികഭാവി മാറ്റാൻ വേണ്ടത് മെഡൽ സ്വപ്നങ്ങൾ മാത്രമല്ല, ശാസ്ത്രീയമായ ഒരു കായിക സംവിധാനമാണ്. ഒരു സ്പോർട്സ് ഹബ്ബായി കേരളം മാറണം. നമ്മുടെ കേരളത്തിൽ കഴിവുള്ള കായികതാരങ്ങൾക്കു കുറവില്ല. പക്ഷേ ആ കഴിവുകളെ പ്രൈമറി സ്കൂൾ മുതൽ ഒളിമ്പിക്സ് നിലവാരം വരെ എത്തിക്കാൻ കഴിയുന്ന തുടർച്ചയായ പരിശീലനപദ്ധതിയാണ് നമുക്ക് ശക്തിപ്പെടുത്തേണ്ടത്.പ്രൈമറി ക്ലാസുകളിൽ കുട്ടികളെ കളിയിലേക്ക് ആകർഷിക്കണം. അപ്പർ പ്രൈമറിയിൽ വിവിധ കായിക ഇനങ്ങൾ പരിചയപ്പെടുത്തണം. ഹൈസ്കൂളിൽ താത്പര്യവും കഴിവും തിരിച്ചറിഞ്ഞ് പരിശീലനം നൽകണം. പ്ലസ്ടു തലത്തിൽ പഠനവും കായികവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന സൗകര്യങ്ങൾ ഉറപ്പാക്കണം.
അത്ലറ്റിക്സ് മുതൽ ഫുട്ബോൾ, ഹോക്കി, ബാസ്കറ്റ്ബോൾ, നീന്തൽ, ബാഡ്മിന്റൺ തുടങ്ങി വിവിധ ഇനങ്ങൾക്ക് യോഗ്യതയുള്ള പരിശീലകരും നിലവാരമുള്ള ഗ്രൗണ്ടുകളും സ്ഥിരമായ മത്സരങ്ങളും വേണം. മെഡൽ ലക്ഷ്യമിടുന്ന താരങ്ങൾക്ക് സ്പോർട്സ് സയൻസ്, പോഷകാഹാരം, ഫിസിയോതെറാപ്പി, മാനസിക പരിശീലനം, സാമ്പത്തികസഹായം എന്നിവയും ലഭ്യമാക്കണം.
ഒളിമ്പിക്സ് മെഡൽ ഒരു വർഷംകൊണ്ട് സൃഷ്ടിക്കാനാവില്ല. അത് 10-15 വർഷത്തെ ആസൂത്രിത പ്രവർത്തനത്തിന്റെ ഫലമാണ്. അതിനാൽ ഓരോ കുട്ടിയുടെയും കഴിവു കണ്ടെത്തി വളർത്തുന്ന സംവിധാനമാണ് കേരളം സൃഷ്ടിക്കേണ്ടത്. ഞങ്ങളുടെ തലമുറയ്ക്കു വേണ്ടത് കായികമേളകളിൽ പങ്കെടുക്കാനുള്ള അവസരം മാത്രമല്ല; ലോകത്തിലെ മികച്ച താരങ്ങളോട് മത്സരിക്കാൻ കഴിയുന്ന നിലവാരത്തിലെത്താനുള്ള അവസരമാണ്.
ഓരോ സ്കൂളിലും കളിക്കളം, ഓരോ പഞ്ചായത്തിലും പരിശീലനാവസരം, ഓരോ ജില്ലയിലും പ്രതിഭാവികസനകേന്ദ്രം, ഓരോ മികച്ച താരത്തിനും അന്തർദേശീയ നിലവാരത്തിലേക്കുള്ള വഴി ഇതായിരിക്കണം കേരളത്തിന്റെ കായിക വികസന ലക്ഷ്യം. അത്തരത്തിൽ ഒരു സ്പോർട്സ് ഹബ്ബായി കേരളം മാറണം. അന്തർദേശീയ തലങ്ങളിൽ മെഡലുകൾ സ്വന്തമാക്കുന്ന നമ്മുടെ കായികതാരങ്ങൾക്ക് മറ്റു പല സംസ്ഥാനങ്ങളും നൽകുന്നതുപോലെ മോശമല്ലാത്ത പാരിതോഷികങ്ങൾ പ്രഖ്യാപിക്കണം; അവ സമയബന്ധിതമായി നൽകുകയും വേണം. കൂടാതെ, മെഡൽ ലഭിച്ചില്ലെങ്കിൽപോലും ഇന്ത്യക്കായി അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങളെ ആദരിക്കണം. അതു പുതുതലമുറയ്ക്ക് വലിയ ഊർജമാകും.
ആൻസി സോജൻ (ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ്)
ശാസ്ത്ര സാങ്കേതിക മേഖലയില്‍ മുന്നേറും
കേരളപ്പിറവി ദിനത്തിൽ നമ്മുടെ നാടിന്റെ പാരമ്പര്യത്തെയും പെരുമയെയുംകുറിച്ച് നാം ഏറെ അഭിമാനിക്കാറുണ്ട്. എന്നാൽ, ഇന്ന് അതിരുകളില്ലാത്ത ചിന്തകളോടെ വളരുന്ന ജെൻ സി തലമുറയുടെ കണ്ണിൽ വർത്തമാനകാല ആശങ്കകൾക്കപ്പുറം വ്യക്തമായൊരു ഭാവി കേരളത്തിന്റെ ചിത്രമുണ്ട്. തൊഴിലവസരങ്ങൾ തേടി നാടും വീടും ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറേണ്ടിവരുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നതാണ് പുതുതലമുറയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്.
നാടിന്റെ വളർച്ചയ്ക്ക് തടസമാകുന്ന അനാവശ്യ ചുവപ്പുനാടകളും പഴഞ്ചൻ കീഴ്വഴക്കങ്ങളും മാറ്റിനിർത്തി, യുവാക്കളുടെ യോഗ്യതയ്ക്കും കഴിവുകൾക്കും അർഹമായ മൂല്യം നൽകുന്ന സൗഹൃദാന്തരീക്ഷം നമ്മുടെ ഈ മണ്ണിൽ ഉണ്ടാകണം. വിഭവങ്ങളും പ്രതിഭകളും നിറഞ്ഞ കേരളത്തിൽ തദ്ദേശീയമായ സംരംഭങ്ങൾക്കും സർഗാത്മക ആശയങ്ങൾക്കും കൃത്യമായ പിന്തുണ ലഭിച്ചാൽ, പ്രവാസം നിർബന്ധിതമായ സാഹചര്യത്തിനു പകരം വ്യക്തിയുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പായി മാറും. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനവും സുതാര്യമായ ഭരണസംവിധാനവും എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക സുരക്ഷയും ഞാൻ ഉൾപ്പെടുന്ന തലമുറ സ്വപ്നം കാണുന്നു.
മാറ്റങ്ങൾക്കായി മാറിനിന്ന് പരാതിപ്പെടുകയല്ല; മറിച്ച് മാറ്റത്തിന്റെ ചാലകശക്തിയായി മാറുകയാണ് യുവത്വത്തിന്റെ ലക്ഷ്യം. പ്രായോഗികമായ വീക്ഷണങ്ങൾക്കും ആശയങ്ങൾക്കും സർക്കാരിന്റെയും സമൂഹത്തിന്റെയും നയരൂപീകരണത്തിൽ ഇടം ലഭിച്ചാൽ, ചെറുപ്പക്കാരുടെ ഊർജം കേരളത്തിന്റെ അതിജീവനത്തിനും പുരോഗതിക്കും കരുത്താകും. പാരമ്പര്യത്തിന്റെ നന്മയും ആധുനികതയുടെ സർഗാത്മകതയും ഒത്തുചേരുന്ന നവകേരള നിർമിതിക്ക് വഴിയൊരുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ആ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്ന നാളേക്കായി ഒന്നിച്ചു കൈകോർക്കാം.
ശ്രേയസ് ഗിരീഷ് (ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി)
രസകരമായി ജീവിക്കാൻ കഴിയുന്ന ഇടമാകും
കേരളം ഇപ്പോള്‍ ജീവിക്കാന്‍ അനുയോജ്യമായ ഇടമായി മാറിക്കൊണ്ടിരിക്കുന്ന സ്ഥലമാണ്. മാറിക്കൊണ്ടിരിക്കുന്നത് എന്ന് എടുത്തുപറയണം. കാരണം, മുമ്പ് നമ്മള് സ്വന്തം ഇഷ്ടത്തിന് ജീവിക്കുമ്പോള്‍ അല്ലെങ്കില്‍ അങ്ങനെ ഒരു ശ്രമം നടത്തുമ്പോള്‍ പലരും അത്തരം ആളുകളെ മുന്‍വിധിയോടെ കണ്ടിരുന്നു. അവരിങ്ങനെയായിരിക്കാം, അങ്ങനെയായിരിക്കാം എന്നൊക്കെയുള്ള സംസാരങ്ങളും ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ കേരളത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ ശ്രമിക്കുന്നുണ്ട്.
അതിനൊപ്പം പെരുമാറ്റത്തിലും ജീവിതത്തിലുമൊക്കെ ചുറ്റുമുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാനും ശ്രദ്ധിക്കുന്നവരാണ്. മുന്നോട്ട് പോകുമ്പോള്‍ കേരളം വളരെ ഭംഗിയുള്ളതും ആളുകള്‍ക്ക് അവരവരുടെ ഇഷ്ടത്തിന് വളരെ സ്വാതന്ത്ര്യത്തോടെ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാന്‍ പറ്റുന്ന സ്ഥലമായിട്ട് മാറുമെന്നുതന്നെയാണ് എനിക്കു തോന്നുന്നത്. മാറുമെന്ന് പറയുന്നത് ഇപ്പോള്‍ അങ്ങനെയല്ല എന്നുദ്ദേശിച്ചല്ല. ഇപ്പോള്‍ ഉള്ളതിനേക്കാളും വളരെ രസകരമായിരിക്കും വരും വര്‍ഷങ്ങളില്‍ ഇവിടെ ജീവിക്കാന്‍ എന്ന് തോന്നാറുണ്ട്.
മീനാക്ഷി അനൂപ് (ചലച്ചിത്രതാരം)
സ്വപ്നങ്ങൾക്ക് ചിറകു നൽകുക
‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം പ്രകൃതിഭംഗികൊണ്ട് മാത്രം പൂർണമാകുന്നില്ല; യുവത്വത്തിന്റെ മനസറിഞ്ഞ്, അവരുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകുമ്പോഴാണ് കേരളം യഥാർഥത്തിൽ ദൈവത്തിന്റെ സ്വന്തം നാടാകുന്നത്. ഓരോ യുവതി-യുവാവിന്റെയും ഉള്ളിൽ ഒരു സ്വപ്നമുണ്ട്; സ്വന്തം കഴിവുകൾ തെളിയിക്കാനും കുടുംബത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാനും താൻ വളർന്ന മണ്ണിൽതന്നെ അഭിമാനത്തോടെ ജീവിക്കാനുമുള്ള സ്വപ്നം.
ആ സ്വപ്നങ്ങൾക്കുവേണ്ടി നാടുവിടേണ്ടിവരാത്ത, പരാജയപ്പെട്ടാൽ വീണ്ടും തുടങ്ങാൻ ധൈര്യം നൽകുന്ന, വ്യത്യസ്തമായി ചിന്തിക്കുന്നവരെ ചേർത്തുപിടിക്കുന്ന ഒരു കേരളമാണ് ആഗ്രഹിക്കുന്നത്. യുവതയുടെ ശബ്ദം കേൾക്കപ്പെടണം; അവരുടെ ആശയങ്ങൾക്ക് വികസനത്തിൽ ഇടം ലഭിക്കണം. കാരണം, സ്വപ്നം തകരുമ്പോൾ നഷ്ടമാകുന്നത് ഒരു വ്യക്തിയുടെ ഭാവി മാത്രമല്ല; ഒരു നാടിന്റെ സാധ്യതകൂടിയാണ്. വേണ്ടത് നമ്മുടെ മണ്ണിൽ സ്വപ്നം കാണാനും ഈ മണ്ണിൽതന്നെ അവ പൂവണിയിക്കാനും കഴിയുന്നൊരു കേരളമാണ്.
ജിയ ജോസ് 9th സെമസ്റ്റർ BA LL.B. മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ലോ
മാറ്റത്തിന്റെ ചാലകശക്തിയാകുക
കേരളപ്പിറവി ദിനത്തിൽ നമ്മുടെ നാടിന്റെ പാരമ്പര്യത്തെയും പെരുമയെയുംകുറിച്ച് നാം ഏറെ അഭിമാനിക്കാറുണ്ട്. എന്നാൽ, ഇന്ന് അതിരുകളില്ലാത്ത ചിന്തകളോടെ വളരുന്ന ജെൻ സി തലമുറയുടെ കണ്ണിൽ വർത്തമാനകാല ആശങ്കകൾക്കപ്പുറം വ്യക്തമായൊരു ഭാവികേരളത്തിന്റെ ചിത്രമുണ്ട്. തൊഴിലവസരങ്ങൾ തേടി നാടും വീടും ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറേണ്ടിവരുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നതാണ് പുതുതലമുറയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്.
നാടിന്റെ വളർച്ചയ്ക്ക് തടസമാകുന്ന അനാവശ്യ ചുവപ്പുനാടകളും പഴഞ്ചൻ കീഴ്വഴക്കങ്ങളും മാറ്റിനിർത്തി, യുവാക്കളുടെ യോഗ്യതയ്ക്കും കഴിവുകൾക്കും അർഹമായ മൂല്യം നൽകുന്ന സൗഹൃദാന്തരീക്ഷം നമ്മുടെ ഈ മണ്ണിൽ ഉണ്ടാകണം. വിഭവങ്ങളും പ്രതിഭകളും നിറഞ്ഞ കേരളത്തിൽ തദ്ദേശീയമായ സംരംഭങ്ങൾക്കും സർഗാത്മക ആശയങ്ങൾക്കും കൃത്യമായ പിന്തുണ ലഭിച്ചാൽ, പ്രവാസം നിർബന്ധിതമായ സാഹചര്യത്തിനു പകരം വ്യക്തിയുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പായി മാറും.
പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനവും സുതാര്യമായ ഭരണ സംവിധാനവും എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക സുരക്ഷയും ഞാൻ ഉൾപ്പെടുന്ന തലമുറ സ്വപ്നം കാണുന്നു. മാറ്റങ്ങൾക്കായി മാറിനിന്ന് പരാതിപ്പെടുകയല്ല; മറിച്ച്, മാറ്റത്തിന്റെ ചാലകശക്തിയായി മാറുകയാണ് യുവത്വത്തിന്റെ ലക്ഷ്യം.
ആൽബിൻ ബി. വർഗീസ് (രണ്ടാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥി, എസ്ബി കോളജ്, ചങ്ങനാശേരി)
പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ അനിവാര്യം
മനുഷ്യ വിഭവശേഷിയിൽ സമ്പന്നമാണ് നമ്മുടെ നാട്. എന്നാൽ, കേരളം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് തൊഴിലില്ലായ്മയാണ്. സാക്ഷരതയും സംസ്കാരവും ഒരുപോലെ പ്രധാനപ്പെട്ട ഈ ഭൂമികയിൽ തൊഴിലില്ലായ്മ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതു പരിഹരിക്കാൻ പാഠ്യപദ്ധതിയിൽ ലോകസാഹചര്യങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ നടപ്പിൽ വരുത്തേണ്ടിയിരിക്കുന്നു.
പരീക്ഷകളിലെ മാർക്കുകളേക്കാൾ അധികമായി നൈപുണികൾക്ക് പ്രാധാന്യം നൽകുന്ന ജോലിസമ്പ്രദായമാണ് നിലവിലുള്ളത്. കഴിവുകൾക്കനുസരിച്ചാണ് ഒരു ഉദ്യോഗാർഥി വിലയിരുത്തപ്പെടുന്നത്. ഡാറ്റയ്ക്കപ്പുറം നൈപുണികൾക്ക് പ്രാധാന്യം നൽകുന്നതിനാൽ വിദ്യാദ്യാസനയങ്ങൾ തിരുത്തിക്കുറിക്കണം. പ്രത്യേകിച്ച് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു വരുന്ന കുട്ടികൾക്ക് അവരുടെ ആഗ്രഹങ്ങൾക്കൊത്ത് വളരാനുള്ള സർവകലാശാലകൾ ഒരുക്കിക്കൊടുക്കേണ്ടത് ആവശ്യമാണ്.
ലോകത്തെ പല സർവകലാശാലകളും അവയുടെ നയങ്ങളും പാഠ്യപദ്ധതികളും മാറ്റത്തിന് വിധേയമാക്കിയിട്ടുണ്ട്. ഇതുപോലുള്ള മാറ്റങ്ങൾ നമ്മുടെ ജോലിസ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും വരുത്താൻ സാധിച്ചാൽ ഒരു പരിധിവരെ നമുക്ക് ബൗദ്ധികചോർച്ച നിയന്ത്രിക്കാൻ സാധിക്കും.
ശ്രദ്ധ റോസ് ആന്റണി (ഒന്നാം വർഷ ബിരുദ വിദ്യാർഥിനി ഡോൺ ബോസ്കോ കോളജ്, അങ്ങാടിക്കടവ്)