തിരുവനന്തപുരം: ഇന്നു നടത്താനിരുന്ന 55-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റി.
തിങ്കളാഴ്ച തൃശൂരിലായിരിക്കും പ്രഖ്യാപനം. 35ഓളം ചിത്രങ്ങള്‍ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. പുതുമുഖ താരങ്ങളും നവാഗത സംവിധായകരും എല്ലാം ഇക്കുറി പരിചയ സമ്പന്നര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയതായാണ് വിലയിരുത്തപ്പെടുന്നത്.
സിനിമകളുടെ സ്ക്രീനിംഗ് തീരാത്തതും പ്രത്യേക നിയമസഭാ സമ്മേളനം നടക്കുന്നതിനാലുമാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിയതെന്നാണ് വിവരം. സിനിമയുടെ ചുമതലുള്ള മന്ത്രി സജി ചെറിയാന്റെ സൗകര്യം കൂടി കണക്കിലെടുത്താണ് പ്രഖ്യാപനം തൃശൂരില്‍ നടത്തുന്നത്.
മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവും ആവേശവും അടക്കമുള്ള ചിത്രങ്ങളും ഫെമിനിച്ചി ഫാത്തിമ പോലുള്ള റിയലിസ്റ്റിക് സിനിമകളും ഇക്കൂട്ടത്തിലുണ്ട്. 128 എന്‍ട്രികളില്‍ 53ഉം നവാഗതരുടേതാണ്.
പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്കുശേഷം പ്രകാശ്രാജ് അധ്യക്ഷനായ ജൂറിക്ക് മുന്നിലെത്തിയത് 35ഓളം ചിത്രങ്ങളാണെന്നാണ് വിവരം.