തിരുവനന്തപുരം: അങ്ങകലെ കാനഡയിലെ ക്രിക്കറ്റ് ടീമിനൊപ്പമുണ്ടൊരു മലയാളി കരസ്പര്‍ശനം. ആ മലയാളി തിരുവനന്തപുരത്തുകാരന്. ട്വന്റി-20 ലോകകപ്പിനുള്ള കാനഡ ടീമിന്റെ ഫിസിയോ തൊറാപ്പിസ്റ്റാണ് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയും ഇപ്പോള്‍ കാനഡയില്‍ സ്ഥിരതാമസക്കാരനുമായ ജോജി വര്‍ഗീസ്.
2017ല്‍ കാനഡിയിലേക്ക് കുടുംബ സമേതം കുടിയേറിയ ജോജി ഒന്‍പതു വര്‍ഷത്തിനുള്ളില്‍ കാനഡയുടെ ദേശീയ ക്രിക്കറ്റ് ടീമിനൊപ്പം ട്വിന്റി 20 ലോകകപ്പില്‍ പങ്കെടുത്തതിന്റെ ആഹ്ലാദത്തിലാണ്. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ ജോജി നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജിലെ മുന്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ മേധാവികൂടിയായിരുന്നു. 2017 ഏപ്രിലിലാണ് ഭാര്യ മഞ്ജു തോമസിനും മക്കള്‍ക്കുമൊപ്പം കാനഡയിലേക്ക് ചേക്കേറിയത്.
കാനഡയില്‍ എത്തിയപ്പോഴും കായിക മേഖലയോടുള്ള ജോജിയുടെ താത്പര്യത്തില്‍ ഒട്ടും കുറവുണ്ടായില്ല. കായിക പരിശീലനത്തിനൊപ്പം ഫിസിയോ തൊറാപ്പിയിലും മസാജിംഗിലും പരിശീലനം നടത്തി. കനേഡിയന്‍ സര്‍ക്കാരിന്റെ കോഴ്സും പാസായി.
തുടര്‍ന്ന് ഇന്ത്യയിലെ ഐപിഎല്‍ മോഡലില്‍ കാനഡില്‍ നടക്കുന്ന ജി 20 മത്സരത്തിനിറങ്ങുന്ന ടീമുകള്‍ക്കൊപ്പം ചേര്‍ന്നു. ഈ ചാമ്പ്യന്‍ഷിപ്പില്‍ മത്സരത്തിനെത്തുന്ന ടീമുകള്‍ക്ക് ഫിസിയോ തൊറാപ്പി സേവനം നല്കി. ഇത് ജോജിയുടെ കരിയറിലെ വഴിത്തിരിവായി. ഇന്റര്‍നാഷ്ണല്‍ താരങ്ങളായ ഷെയ്ന് ബോണ്ട്, മൊയീന്‍ അലി, ടീം സൗത്തി തുടങ്ങിയ ദേശീയ താരങ്ങളുമായുള്ള ബന്ധം കാനഡ ക്രിക്കറ്റ് ദേശീയ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരമൊരുങ്ങി.
2022 മുതല്‍ കാനഡ ടീമിന്റെ ഫിസിയോ തൊറാപ്പിസ്റ്റായി സേവനം ചെയ്തു വരുന്നു. ട്വന്റി-20 ലോകകപ്പ് കനേഡിയന്‍ ടീമിനൊപ്പം ഇന്ത്യയിലെത്തിയ ജോജി തനിക്ക് ഇത്തരമൊരു അവസരമൊരുങ്ങിയതില്‍ ഏറെ സന്തോഷവാനാണ്. മക്കള്‍: അന്ന എല്‍സാ ജോജി, ജോയല്‍ ജോജി, അന്റോണിയോ, ബനഡിക്ട്. വര്‍ഗീസ്, എലിസബത്ത് എന്നിവരാണ് മാതാപിതാക്കള്‍.