കൊച്ചി: കേരള ബാങ്ക് ഭരണസമിതിയിലെ പ്രഫഷണല്‍ ഡയറക്ടര്‍മാരായ എസ്. ഹരിശങ്കറിനെയും എസ്. പ്രേംകുമാറിനെയും നീക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. കഴിഞ്ഞ 23ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തു കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് നല്കിയ ഹര്‍ജിയാണു ജസ്റ്റീസ് വിജു ഏബ്രഹാം പരിഗണിച്ചത്.
ഇരുവരെയും നാമനിര്‍ദേശം ചെയ്ത നടപടി പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം. ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ അന്തിമ തീരുമാനമാകുന്നതുവരെ ഇരുവരെയും തുടരാന്‍ അനുവദിക്കണമെന്നുമുള്ള ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു. ഈ ആവശ്യമാണു കോടതി അനുവദിച്ചത്. എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയച്ച കോടതി തുടര്‍ന്ന് ഹരജി വീണ്ടും നവംബര്‍ പത്തിനു പരിഗണിക്കാന്‍ മാറ്റി.