ന്യൂഡൽഹി: കേരളം രൂപംകൊള്ളുന്നതിനു മുന്പേ ഡൽഹിയുടെ ഹൃദയഭാഗത്ത് 1939ൽ മലയാളികൾ സ്ഥാപിച്ച കേരള ക്ലബ്ബിന് കേന്ദ്രത്തിന്റെ ഒഴിപ്പിക്കൽ നോട്ടീസ്.
ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാജീവ് ചൗക്കിൽ (പഴയ കൊണോട്ട് സർക്കിൾ) സ്ഥിതിചെയ്യുന്ന പൈതൃകമുള്ള കേരള ക്ലബിനാണ് ഉടൻ ഒഴിഞ്ഞുനൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ നോട്ടീസ് നൽകിയത്.
കേന്ദ്രത്തിന്റെ അന്യായമായ ഒഴിപ്പിക്കലിനെതിരേ കോടതിയെ സമീപിക്കുമെന്ന് കേരള ക്ലബ് ഭാരവാഹികൾ അറിയിച്ചു.
വൈസ്രോയ് മൗണ്ട്ബാറ്റണിന്റെ സെക്രട്ടറിമാരിലൊരാളും ഇടക്കാല കേന്ദ്രമന്ത്രിസഭയുടെ സെക്രട്ടറിയുമായിരുന്ന മലയാളി വി.പി. മേനോൻ സ്ഥാപിച്ചതാണ് കേരള ക്ലബ്. സ്വാതന്ത്ര്യാനന്തര രാജ്യത്ത് അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചയാളാണു മേനോൻ.
ഒ.വി. വിജയൻ, വി.കെ.എൻ, കാക്കനാടൻ, ഓംചേരി എൻ.എൻ.പിള്ള, സക്കറിയ, എം. മുകുന്ദൻ, ചെറിയാൻ കെ. ചെറിയാൻ തുടങ്ങിയ സാംസ്കാരികപ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. രാജ്യതലസ്ഥാനത്തെ മലയാളികളുടെ സാംസ്കാരിക ഒത്തുകൂടലിനു വേദിയായ കേരള ക്ലബ്ബിൽ ഇപ്പോഴും ആഴ്ചതോറും സാഹിത്യചർച്ചകൾ നടക്കുന്നുണ്ട്.
മലയാളികളുടെ ആത്മാവിനെ തൊട്ടറിഞ്ഞ കേരള ക്ലബിനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരേ നാളെ ഡൽഹി മലയാളി പ്രമുഖരുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് കേരള ക്ലബ് പ്രസിഡന്റ് എ.ജെ.ഫിലിപ്പ് അറിയിച്ചു.
കേരള ക്ലബിന്റെ സംരക്ഷണത്തിനായി സമാനമനസ്കരുമായി ചർച്ച ചെയ്തു നിയമനടപടികളും പ്രതിഷേധപരിപാടികളും സംഘടിപ്പിക്കാനാണ് ആലോചന.