Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകിയ പ്രതിയിൽ നിന്ന് നിർണായക വിവരങ്ങളാണ് ഉദ്യോഗസ്ഥർ ശേഖരിച്ചത്.
പ്രധാനമായും തന്റെ ഡൽഹി യാത്രയെക്കുറിച്ചും അവിടെ വച്ച് സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും പോറ്റി മൊഴി നൽകിയിട്ടുണ്ട്. സ്വർണക്കടത്തിലെ ഉന്നതതല ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ വെളിപ്പെടുത്തലുകൾ.
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം കേസിലെ മറ്റ് പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെയും അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.
ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം നിലവിൽ എവിടെയാണെന്ന കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു ഈ സംയുക്ത ചോദ്യം ചെയ്യലിന്റെ പ്രധാന ലക്ഷ്യം.
പ്രതികൾ നൽകിയ പരസ്പരവിരുദ്ധമായ മൊഴികൾ ഒത്തുനോക്കി സ്വർണം വീണ്ടെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കേന്ദ്രങ്ങളിലേക്കും അന്വേഷണം വ്യാപിക്കുകയാണ്.
ഇതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പി.എസ്. പ്രശാന്തിനെയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു.
ഇവരുടെ മൊഴികളിലെ സൂചനകളും പ്രതികളുടെ പുതിയ വെളിപ്പെടുത്തലുകളും തമ്മിലുള്ള ബന്ധം പരിശോധിച്ചശേഷം കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാധ്യത.
Kerala
കൊല്ലം: കൊല്ലം ചാത്തന്നൂരിലെ ട്രോറിയൽ മെറ്റൽസ് പെയിന്റ് ഷോറൂമിൽ തീപിടുത്തം. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. രാജേഷ് ഭവൻ സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ള കടയുടെ പിൻഭാഗത്തുനിന്നും വലിയ ശബ്ദത്തോടെ പടർന്ന തീ നിമിഷങ്ങൾക്കകം ഷോറൂമിലേക്ക് പടരുകയായിരുന്നു.
സ്ഥാപനത്തിലെ ജീവനക്കാരൻ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും തീ നിയന്ത്രണാതീതമായിരുന്നു. വിവരമറിഞ്ഞെത്തിയ കടപ്പാക്കട, ചാമക്കട, പരവൂർ, കല്ലമ്പലം തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പത്തോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കടയോട് ചേർന്നുണ്ടായിരുന്ന കിളിക്കൂട്ടിലെ പക്ഷികൾ തീപിടിത്തത്തിൽ വെന്തുചത്തു. ഏകദേശം 75 ലക്ഷം രൂപയുടെ വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
Kerala
ഹരിപ്പാട്: ആറാട്ടുപുഴ എസി പള്ളി ജംഗ്ഷന് സമീപം വാഹനാപകടത്തിന് പിന്നാലെ യുവാവിന് നേരെ ക്രൂര മർദനം. തൃക്കുന്നപ്പുഴയിൽ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന കുളങ്ങരശേരിൽ അനുവിനെയാണ് ഒരു സംഘം യുവാക്കൾ ചേർന്ന് മാരകമായി പരിക്കേൽപ്പിച്ചത്.
അനു ഓടിച്ചിരുന്ന കാറിന്റെ മിറർ തട്ടി റോഡരികിൽ നിന്ന അമീർ എന്ന യുവാവ് വീണതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ അനു വാഹനം നിർത്തിയെങ്കിലും, സ്ഥലത്തെത്തിയ അക്രമിസംഘം യാതൊരു പ്രകോപനവുമില്ലാതെ അനുവിനെ ആക്രമിക്കുകയായിരുന്നു.
കമ്പി വടികളും മരത്തടികളും ഉപയോഗിച്ച് ഒരു മണിക്കൂറോളം നീണ്ടുനിന്ന ക്രൂരതയിൽ അനുവിന്റെ കണ്ണിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. മകനെ രക്ഷിക്കാനായി സ്ഥലത്തെത്തിയ മാതാപിതാക്കളുടെ അപേക്ഷ പോലും വകവെക്കാതെയായിരുന്നു അക്രമം.
പരിക്കേറ്റ് രക്തം വാർന്നൊലിച്ചിട്ടും യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഇവർ സമ്മതിച്ചില്ല. അക്രമത്തിൽ അനുവിന്റെ കാർ പൂർണമായും തകർത്തു.
പിന്നീട് നാട്ടുകാർ സംഘടിച്ചതോടെയാണ് അക്രമികൾ പിന്തിരിഞ്ഞത്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അനുവിന്റെ വലതുകണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട നിലയിലാണ്.
എല്ലിനും പല്ലിനും പൊട്ടലുകളുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന പതിനൊന്നു പേർക്കെതിരെ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നേമത്ത് കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങളെ മുൾമുനയിൽ നിർത്തിയ "ചുവപ്പ് അടയാള' രഹസ്യത്തിന്റെ ചുരുളഴിഞ്ഞു. വീടുകളുടെ മതിലുകളിലും തൂണുകളിലും രാത്രികാലങ്ങളിൽ പ്രത്യക്ഷപ്പെട്ട ചുവന്ന അടയാളങ്ങൾ കണ്ട് ഭയചകിതരായ നാട്ടുകാർ ഒടുവിൽ ആശ്വാസത്തിന്റെ നെടുവീർപ്പിലാണ്.
വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങളുടെ നീക്കമാണോ ഇതെന്ന് ഭയന്നാണ് പ്രദേശം മുഴുവൻ പരിഭ്രാന്തിയിലായത്. നേമത്തെ കോർപ്പറേഷൻ സോണൽ ഓഫീസ് ലെയിൻ, ജെപി ലെയിൻ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾക്ക് മുന്നിലാണ് അജ്ഞാതർ ചുവന്ന സ്പ്രേ പെയിന്റ് ഉപയോഗിച്ച് അടയാളങ്ങൾ രേഖപ്പെടുത്തിയത്.
പുലർച്ചെ ഈ അടയാളങ്ങൾ കണ്ടു ഭയന്ന വീട്ടുകാർ ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മുഖംമൂടി ധരിച്ചെത്തിയ ചിലരാണ് ഈ അടയാളങ്ങൾ പതിപ്പിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായതോടെ നാട്ടുകാരുടെ ആശങ്ക വർദ്ധിച്ചു.
വർഷങ്ങൾക്ക് മുമ്പ് നഗരത്തിലെ വീടുകൾക്ക് മുന്നിൽ കറുത്ത സ്റ്റിക്കറുകൾ പതിപ്പിച്ച് മോഷണങ്ങൾ നടന്ന സംഭവങ്ങൾ ഓർത്തെടുത്തതോടെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വിവരം ഉടൻ തന്നെ നേമം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് തികച്ചും അപ്രതീക്ഷിതമായ ട്വിസ്റ്റ് ഈ സംഭവത്തിലുണ്ടായത്. വാർത്തകൾ അറിഞ്ഞ് രണ്ട് യുവാക്കൾ സ്വയം പോലീസ് സ്റ്റേഷനിൽ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചു.
ഒരു പ്രമുഖ സ്വകാര്യ ഫൈബർ ഇന്റർനെറ്റ് കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇവർ. പുതിയ കണക്ഷനുകൾ നൽകേണ്ട വീടുകൾ വേഗത്തിൽ തിരിച്ചറിയുന്നതിനായി തങ്ങൾ മുൻകൂട്ടി അടയാളപ്പെടുത്തിയതായിരുന്നു ആ ചുവപ്പ് മാർക്കുകൾ.
സ്പ്രേ പെയിന്റ് ഉപയോഗിക്കുമ്പോൾ ശ്വസനതടസമുണ്ടാകാതിരിക്കാനാണ് തങ്ങൾ മുഖം മൂടിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു. യുവാക്കളുടെ നിഷ്കളങ്കമായ വിശദീകരണം കേട്ട പോലീസുകാർക്ക് ആദ്യം ചിരിയാണ് വന്നതെങ്കിലും, ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവത്തിന് ശുഭകരമായ അന്ത്യമുണ്ടായതിൽ എല്ലാവരും ആശ്വാസം പ്രകടിപ്പിച്ചു.
പോലീസ് ഉടൻ തന്നെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെ വിളിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്തി നാട്ടുകാരുടെ പേടി അകറ്റി. എങ്കിലും, അപരിചിതമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്ന ജാഗ്രതാ നിർദ്ദേശം നേമം പോലീസ് നിലനിർത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം.
സർക്കാർ ഇടപെടൽ ഉണ്ടായോ എന്നു പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്തശേഷം കടകംപള്ളിക്ക് നോട്ടിസ് നൽകാനാണ് ആലോചന.
സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻപോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫയൽ ദേവസ്വം ബോർഡിന്റെ മുന്നിലെത്തിയതെന്നുമാണ് പത്മകുമാറിന്റെ മൊഴി.
എന്നാൽ സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അപേക്ഷ സർക്കാർ അറിയണമെന്നില്ലെന്നും ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നിൽ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പോറ്റിക്ക് ദേവസ്വം മന്ത്രിയുമായി പരിചയം ഉണ്ടായിരുന്നെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. പോറ്റിയുടെ കൊള്ളയെക്കുറിച്ച് മന്ത്രിക്ക് അറിവുണ്ടായിരുന്നോ, അതോ മന്ത്രിയുടെ മുന്നിലെത്തിയ നിവേദനം ബോർഡിനു കൈമാറുക മാത്രമായിരുന്നോ എന്നീ കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കും.