ഉത്സവപ്പറമ്പിലെ ആൾക്കൂട്ടത്തിനിടയിൽ മാറിനിന്ന് ഒരു കൊച്ചുബാലൻ പരസ്യമായി സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത ആശങ്കയ്ക്കും വലിയ ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്.
മുതിർന്നവർ പലരും ചുറ്റും നിൽക്കെയാണ് യാതൊരുവിധ ഭയവുമില്ലാതെ ഈ കുട്ടി പുകവലിക്കുന്നത്. ഒരു മുതിർന്ന വ്യക്തി സിഗരറ്റ് കൈകാര്യം ചെയ്യുന്ന അതേ പക്വതയോടെയും ശരീരഭാഷയോടെയുമാണ് ഈ പയ്യനും പുകയൂതി വിടുന്നത് എന്നതാണ് ദൃശ്യങ്ങളിലെ ഏറ്റവും ഞെട്ടിക്കുന്ന വശം.
എന്നാൽ ഈ കാഴ്ച കണ്ടിട്ടും അടുത്തുണ്ടായിരുന്നവരോ വഴിയാത്രക്കാരോ ആരും തന്നെ ആ കുട്ടിയെ വിലക്കാനോ സ്നേഹത്തോടെയെങ്കിലും തിരുത്താനോ മുതിരുന്നില്ല എന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത അമർഷവും പരിഹാസവും നിറഞ്ഞ പ്രതികരണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആഷ് ട്രേയിലെ വെള്ളത്തിൽ വീണാൽ മുങ്ങിത്താഴുന്ന പ്രായത്തിലാണ് കുട്ടിയുടെ ഈ സാഹസമെന്നാണ് ഒരു വിഭാഗം ആളുകൾ കുറിക്കുന്നത്.
ശാരീരിക വളർച്ചയില്ലാത്ത ഏതെങ്കിലും പ്രായമായ വ്യക്തിയായിരിക്കട്ടെ ഇത് എന്ന് ആശ്വസിക്കാൻ ശ്രമിക്കുന്നവരും കുറവല്ല. ആ കുട്ടിയെ ചൂരലെടുത്ത് അടിച്ചു തിരുത്താൻ അവിടെയങ്ങും ആരുമില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മാറിനിന്ന് വലിക്കാനുള്ള കുട്ടിയുടെ ആ 'വലിയ മനസ്' ആരും കാണാതെ പോകരുതെന്ന പരിഹാസവും ചിലർ പങ്കുവെക്കുന്നു.
സിഗരറ്റിന്റെ അത്രമാത്രം നീളമുള്ള ഒരു കുഞ്ഞാണ് ഈ പ്രായത്തിൽ ഇത്തരമൊരു ദുശീലത്തിന് അടിമപ്പെട്ടിരിക്കുന്നത് എന്നത് സമൂഹത്തിന് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്.
കുട്ടികളുടെ ഇത്തരം പ്രവണതകൾക്കെതിരെ വീട്ടുകാരും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്ന ആവശ്യവും ഇതോടെ ശക്തമാവുകയാണ്.
Tags : ViralVideo ShockingVisuals SocialMediaOutrage ChildNeglect KeralaNews