ഫ്രാങ്ക്ഫർട്ട്: മലയാളികളുടെ ഗൃഹാതുര സ്മരണകളുമായി ജർമനിയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയിലൊന്നായ കേരള സമാജം ഫ്രാങ്ക്ഫർട്ടിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം ഫ്രാങ്ക്ഫർട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ സമാജം അംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കുന്നു.
സെപ്റ്റംബർ അഞ്ചിന് ഫ്രാങ്ക്ഫർട്ട് സാൽബാവു ബോൺഹൈമിൽ (Adresse: Arnsburger Str. 24, 60385 Frankfurt am Main) 11.30ന് ഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ ആരംഭിക്കും. ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഷുചിത കിഷോർ മുഖ്യാതിഥിയായിരിക്കും.
തുടർന്ന് ഫ്രാങ്ക്ഫർട്ട് കേരള സമാജം മലയാളം സ്കൂളിലെ കുട്ടികളും പ്രതിഭാശാലിയായ കലാകാരികളും കലാകാരന്മാരും ഒത്തുചേർന്നു, ഓണത്തെ ആസ്പദമാക്കിയുള്ള ലഘു നാടകവും കേരളത്തിന്റെ തനതു കലയായ തിരുവാതിരകളിയും കൂടാതെ, സംഘനൃത്തങ്ങൾ, ശാസ്ത്രീയനൃത്തങ്ങൾ തുടങ്ങിയവ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം ഓണപ്പാട്ടുകളും തുടർന്ന് തംബോലയും ഉണ്ടായിരിക്കും.
കേരള സമാജം ഫ്രാങ്ക്ഫർട്ട് മലയാളം സ്കൂളിലെ കൊച്ചു കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശനവും നടക്കും. പുതിയ തലമുറയും പഴയ തലമുറയും കൈകോർത്തു നടത്തപ്പെടുന്ന ഈ ആഘോഷ വേളയിൽ എല്ലാവരും കേരളീയ വേഷമണിഞ്ഞ് പങ്കുചേരുവാന്‍ കേരള സമാജം ഭാരവാഹികൾ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.
പരിപാടിയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ പൂർണമായും ഓൺലെെനിലാണ് ലഭ്യമാക്കിയിരിക്കുന്നത്. പരിപാടികൾ നടക്കുന്ന ഹാളിൽ ടിക്കറ്റ് വില്പന ഉണ്ടായിരിക്കുന്നതല്ലന്ന് സമാജം പ്രത്യേകം അറിയിച്ചു.
ടിക്കറ്റുകൾ വാങ്ങുന്നതിനായി താഴെ കാണുന്ന ലിങ്ക് പിന്തുടരുക. https://keralasamajam-frankfurt.com/events/ksf-onam-2026
ഡിപിൻ പോൾ (പ്രസിഡന്റ്), ഹരീഷ് പിള്ള (സെക്രട്ടറി), രതീഷ് മേടമേൽ (ട്രഷറർ), കമ്മിറ്റിയംഗങ്ങളായ, റെജീന ജയറാം, ബിന്നി തോമസ്, അജു സാം, ഷൈജു വർഗീസ്, ജിബിൻ എം. ജോൺ (ഓഡിറ്റർ) എന്നിവരാണ് കേരള സമാജം ഫ്രാങ്ക്ഫർട്ടിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
കൂടുതൽ വിവരങ്ങള്‍ക്ക്: Email: [email protected], Facebook: https://www.facebook.com/keralasamajam.frankfurt.1/.