ക്ഷേത്രദർശനവും വഴിപാടുപ്രസാദങ്ങളും ഭാരതീയരുടെ ജീവിതവുമായി ഏറെ ചേർന്നുനിൽക്കുന്ന ഒന്നാണ്. പഴവർഗങ്ങളും പഞ്ചാമൃതവും പായസവും ലഡുവുമൊക്കെ പ്രസാദമായി ലഭിക്കുന്ന ക്ഷേത്രങ്ങൾക്കിടയിൽ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കുകയാണ് ആലപ്പുഴ ജില്ലയിലെ തളവടിയിലുള്ള തെക്കൻ പഴനി ബാലസുബ്രഹ്മണ്യ ക്ഷേത്രം.
ഇവിടെ ഭഗവാൻ സുബ്രഹ്മണ്യന് നിവേദ്യമായി സമർപ്പിക്കുന്നതും ഭക്തർക്ക് തിരികെ ലഭിക്കുന്നതും പ്രശസ്തമായ 'മഞ്ച്' ചോക്ലേറ്റാണ്. രേഹാ അദാനി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ അപൂർവ്വ ആചാരം വീണ്ടും ജനശ്രദ്ധ നേടുന്നത്.
ഒറ്റനോട്ടത്തിൽ മറ്റ് ക്ഷേത്രങ്ങളെപ്പോലെ തോന്നിക്കുമെങ്കിലും ശ്രീകോവിലിനുള്ളിൽ നിന്ന് ഭക്തരുടെ കൈകളിലേക്ക് പ്രസാദമായി എത്തുന്നത് ചോക്ലേറ്റാണെന്ന പ്രത്യേകത രേഹ തന്റെ വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു.
ഈ വ്യത്യസ്ത വഴിപാടിന് പിന്നിൽ ഭക്തിനിർഭരമായ ഒരു കഥയുമുണ്ട്. വർഷങ്ങൾക്ക് മുൻപ് രോഗബാധിതനായ ഒരു കൊച്ചുകുട്ടി തനിക്ക് ഏറെ പ്രിയപ്പെട്ട മഞ്ച് ചോക്ലേറ്റ് ഭഗവാന് സമർപ്പിക്കുകയും തുടർന്ന് കുട്ടിയുടെ അസുഖം അത്ഭുതകരമായി ഭേദപ്പെടുകയും ചെയ്തുവെന്നാണ് പ്രാദേശിക വിശ്വാസം.
ഈ സംഭവത്തിന് ശേഷമാണ് ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് മഞ്ച് വഴിപാടായി കൊണ്ടുവരാൻ തുടങ്ങിയത്. ഇതോടെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ബാലസുബ്രഹ്മണ്യൻ ഭക്തർക്കിടയിൽ സ്നേഹത്തോടെ "മഞ്ച് മുരുകൻ" എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.
സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് രസകരമായ അനുഭവങ്ങൾ പങ്കുവെക്കുന്നത്. സാധാരണ കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ കൂടുതൽ സ്വാദും ക്രിസ്പിനെസും ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന മഞ്ചിനുണ്ടെന്നാണ് ദർശനം നടത്തിയ ചില ഭക്തരുടെ അഭിപ്രായം.
ചോക്ലേറ്റ് പ്രേമികൾക്ക് ഇത് വേറിട്ടൊരു അനുഭവമാണെന്നും നിരവധി പേർ കുറിക്കുന്നു. ക്ഷേത്രത്തിന്റെ കൃത്യമായ വഴി ചോദിച്ചറിഞ്ഞ് നേരിട്ട് സന്ദർശിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നവരുടെ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.