യുകെ മുൻ എംപിയും സ്കോട്ടിഷ് നേതാവുമായ മാർട്ടിൻ ഡേയും പിറവം സ്വദേശി നിധിൻ ചന്ദും ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് വിവാഹിതരായി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ നടന്ന ചടങ്ങിൽ നിധിന്റെ മകൻ വേദിക് ശങ്കറും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
തുടന്ന് പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിലായിരുന്നു മറ്റു ആഘോഷങ്ങൾ നടന്നത്. പരമ്പരാഗത രീതിയിലുള്ള ഇവരുടെ വിവാഹ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്.
ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദത്തിനു ശേഷം ഐടി മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും സ്വന്തമാക്കിയ നിധിൻ 2008-ലാണ് ഉപരിപഠനത്തിനായി യുകെയിലെത്തുന്നത്. റിട്ടയേർഡ് വെറ്ററിനറി ഫീൽഡ് ഓഫീസർ കെ.എൻ. ചന്ദ്രന്റെയും മുൻ പാമ്പാക്കുട ഗ്രാമപഞ്ചായത്ത് അംഗം രാജിയുടെയും മകളാണ് നിധിൻ.
യുകെയിലെ വിസ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ വിദ്യാർഥികളെ ബാധിച്ചപ്പോൾ, പാർലമെന്ററി കമ്മിറ്റികൾക്ക് മുന്നിൽ ഇതിനെതിരെ പോരാടാൻ നിധിൻ മുന്നിട്ടിറങ്ങി. ഈ സമയത്ത്, 2016 ഫെബ്രുവരിയിലാണ് സ്കോട്ടിഷ് നാഷണൽ പാർട്ടി പ്രതിനിധിയായിരുന്ന മാർട്ടിൻ ഡെയെ നിധിൻ പരിചയപ്പെടുന്നത്.
ലണ്ടനിലെ ലിൻലിത്ഗോ ആൻഡ് ഈസ്റ്റ് ഫാൽകിർക്ക് മണ്ഡലത്തിലെ എംപിയായിരുന്നു അന്ന് മാർട്ടിൻ. സൗഹൃദത്തിലായ ഇരുവരും താമസിയാതെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഗുരുവായൂർ അമ്പലനടയിൽ വെച്ച് താലികെട്ടണം എന്നതായിരുന്നു നിധിന്റെ ആഗ്രഹമെങ്കിലും വിസ പ്രശ്നങ്ങളും മറ്റ് കുടുംബപരമായ തടസങ്ങളും കാരണം ഒൻപത് വർഷങ്ങൾക്ക് മുൻപ് യുകെയിൽ വെച്ച് ഇരുവരും നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തു.
തുടർന്ന് 2018, 2019, 2023 വർഷങ്ങളിൽ മാർട്ടിൻ കേരളത്തിൽ എത്തിയിരുന്നെങ്കിലും ഗുരുവായൂർ ക്ഷേത്രദർശനം സാധ്യമായിരുന്നില്ല. ഒടുവിൽ നാലാമത്തെ കേരള സന്ദർശനത്തിലാണ് ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഭാര്യയുടെ ആഗ്രഹം സാക്ഷാത്കരിച്ച് മാർട്ടിൻ ഡേ ഗുരുവായൂരപ്പന് മുന്നിൽ വെച്ച് നിധിന്റെ കഴുത്തിൽ താലി ചാർത്തിയത്.