സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ തനിക്കെതിരെ നടക്കുന്ന ബോഡി ഷെയിമിംഗിനെതിരെ പ്രതികരിച്ച് നടി ഖുശ്ബു സുന്ദറിന്റെ മകൾ അനന്ദിത സുന്ദർ. തന്നെ ആക്ഷേപിക്കാൻ ആളുകൾ ഉപയോഗിക്കുന്നത് ട്രാൻസ് വ്യക്തിയെപ്പോലെയുണ്ട് കാണാൻ എന്നതാണെന്നും എന്നാൽ അതൊരു തരത്തിലും അധിക്ഷേപമായോ അപമാനമായോ കാണുന്നില്ലെന്നും അനന്ദിത പറഞ്ഞു.
ട്രാൻസ്ജെൻഡർ വ്യക്തികളെ അധിക്ഷേപത്തിനായി ഉപയോഗിക്കുന്നവരുടെ വിവരമില്ലായ്മയെയും ഹോമോഫോബിയയെയുമാണ് ഇത് കാണിക്കുന്നതെന്നും അനന്ദിത കൂട്ടിച്ചേർത്തു. അനന്ദിതയുടെ ഈ മാതൃകാപരമായ നിലപാടിനെ പ്രശംസിച്ച് അമ്മ ഖുശ്ബുവും രംഗത്തെത്തിയിട്ടുണ്ട്.
ജെഎഫ്ഡബ്ല്യു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് 23-കാരിയായ അനന്ദിത മനസ് തുറന്നത്.
‘‘ട്രാൻസ്ജെൻഡർ വ്യക്തികൾ വളരെ നല്ല സ്വഭാവമുള്ളവരും മനോഹരമായി പെരുമാറുന്നവരുമാണെന്നാണ് ഞാൻ കരുതുന്നത്. എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ദയയുള്ള മനുഷ്യർ ആ വിഭാഗത്തിൽ നിന്നുള്ളവരാണ്.
എന്നാൽ ഞാൻ ഇൻസ്റ്റഗ്രാം തുറന്നാൽ എന്നെ അധിക്ഷേപിക്കാൻ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് 'നീ ഒരു ട്രാൻസ് വ്യക്തിയെപ്പോലെയുണ്ട്' എന്നാണ്.
ഇത് എന്നെ സങ്കടപ്പെടുത്താൻ വേണ്ടി മാത്രമല്ല അവർ ചെയ്യുന്നത്, ഇതിലൂടെ അവരുടെ വിവരമില്ലായ്മയും ഹോമോഫോബിയയുമാണ് പുറത്തുവരുന്നത്. ഞാൻ ഒരു സ്ത്രീയാണ് പക്ഷേ മറ്റുള്ളവരുടെ ചിന്തകളെ നിയന്ത്രിക്കാൻ എനിക്ക് കഴിയില്ല. മുൻപൊക്കെ ഇത്തരം കമന്റുകൾ എന്നെ തളർത്തിയിരുന്നെങ്കിലും ഇപ്പോൾ അതിനെയെല്ലാം ശക്തമായി പ്രതിരോധിക്കാൻ ഞാൻ പഠിച്ചു.’’–അനന്ദിത പറയുന്നു.
താൻ ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിച്ചുവെന്ന തരത്തിലുള്ള കഥകൾ ആളുകൾ കെട്ടിച്ചമച്ചതാണെന്ന് അനന്ദിത പറഞ്ഞു.
‘‘ഇത് പെട്ടെന്നുണ്ടായ ഒരു മാറ്റമല്ല എന്ന് പലരും മനസിലാക്കുന്നില്ല. ഞാൻ 2018-ലോ 2019-ലോ ആണ് ഭാരം കുറയ്ക്കാൻ തുടങ്ങിയത്, അതുകൊണ്ട് ഇവിടെ വരെയെത്താൻ എനിക്ക് ഏഴ് വർഷമെടുത്തു. ഇടയിൽ കോവിഡ് വന്നതുകൊണ്ട് ഈ മാറ്റം ആരും ശ്രദ്ധിച്ചില്ല.