സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ തനിക്കെതിരെ നടക്കുന്ന ബോഡി ഷെയിമിംഗിനെതിരെ പ്രതികരിച്ച് നടി ഖുശ്ബു സുന്ദറിന്റെ മകൾ അനന്ദിത സുന്ദർ. തന്നെ ആക്ഷേപിക്കാൻ ആളുകൾ ഉപയോഗിക്കുന്നത് ട്രാൻസ് വ്യക്തിയെപ്പോലെയുണ്ട് കാണാൻ എന്നതാണെന്നും എന്നാൽ അതൊരു തരത്തിലും അധിക്ഷേപമായോ അപമാനമായോ കാണുന്നില്ലെന്നും അനന്ദിത പറഞ്ഞു.
ട്രാൻസ്ജെൻഡർ വ്യക്തികളെ അധിക്ഷേപത്തിനായി ഉപയോഗിക്കുന്നവരുടെ വിവരമില്ലായ്മയെയും ഹോമോഫോബിയയെയുമാണ് ഇത് കാണിക്കുന്നതെന്നും അനന്ദിത കൂട്ടിച്ചേർത്തു. അനന്ദിതയുടെ ഈ മാതൃകാപരമായ നിലപാടിനെ പ്രശംസിച്ച് അമ്മ ഖുശ്ബുവും രംഗത്തെത്തിയിട്ടുണ്ട്.
ജെഎഫ്ഡബ്ല്യു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് 23-കാരിയായ അനന്ദിത മനസ് തുറന്നത്.
‘‘ട്രാൻസ്ജെൻഡർ വ്യക്തികൾ വളരെ നല്ല സ്വഭാവമുള്ളവരും മനോഹരമായി പെരുമാറുന്നവരുമാണെന്നാണ് ഞാൻ കരുതുന്നത്. എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ദയയുള്ള മനുഷ്യർ ആ വിഭാഗത്തിൽ നിന്നുള്ളവരാണ്.
എന്നാൽ ഞാൻ ഇൻസ്റ്റഗ്രാം തുറന്നാൽ എന്നെ അധിക്ഷേപിക്കാൻ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് 'നീ ഒരു ട്രാൻസ് വ്യക്തിയെപ്പോലെയുണ്ട്' എന്നാണ്.
ഇത് എന്നെ സങ്കടപ്പെടുത്താൻ വേണ്ടി മാത്രമല്ല അവർ ചെയ്യുന്നത്, ഇതിലൂടെ അവരുടെ വിവരമില്ലായ്മയും ഹോമോഫോബിയയുമാണ് പുറത്തുവരുന്നത്. ഞാൻ ഒരു സ്ത്രീയാണ് പക്ഷേ മറ്റുള്ളവരുടെ ചിന്തകളെ നിയന്ത്രിക്കാൻ എനിക്ക് കഴിയില്ല. മുൻപൊക്കെ ഇത്തരം കമന്റുകൾ എന്നെ തളർത്തിയിരുന്നെങ്കിലും ഇപ്പോൾ അതിനെയെല്ലാം ശക്തമായി പ്രതിരോധിക്കാൻ ഞാൻ പഠിച്ചു.’’–അനന്ദിത പറയുന്നു.
താൻ ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിച്ചുവെന്ന തരത്തിലുള്ള കഥകൾ ആളുകൾ കെട്ടിച്ചമച്ചതാണെന്ന് അനന്ദിത പറഞ്ഞു.
‘‘ഇത് പെട്ടെന്നുണ്ടായ ഒരു മാറ്റമല്ല എന്ന് പലരും മനസിലാക്കുന്നില്ല. ഞാൻ 2018-ലോ 2019-ലോ ആണ് ഭാരം കുറയ്ക്കാൻ തുടങ്ങിയത്, അതുകൊണ്ട് ഇവിടെ വരെയെത്താൻ എനിക്ക് ഏഴ് വർഷമെടുത്തു. ഇടയിൽ കോവിഡ് വന്നതുകൊണ്ട് ഈ മാറ്റം ആരും ശ്രദ്ധിച്ചില്ല.

എന്റെ ശരീരഭാരത്തിൽ ഉണ്ടായ ആദ്യത്തെ വലിയ കുറവ് കോവിഡ് കാലത്തെ ആ മൂന്ന് വർഷങ്ങൾക്കിടയിലാണ് സംഭവിച്ചത്. ഞാൻ അത് ചെയ്തു, ഇത് ചെയ്തു, അല്ലെങ്കിൽ സർജറി ചെയ്തു എന്നൊക്കെയാണ് എല്ലാവരും കരുതുന്നത്. എന്നാൽ ഇത്രയും വർഷങ്ങളായി ആളുകൾ ഞങ്ങളെ കണ്ടിട്ടില്ലല്ലോ, പിന്നെ എങ്ങനെയാണ് അവർ ഇത്തരം കാര്യങ്ങൾ സ്വയം തീരുമാനിക്കുന്നത്?
ഞങ്ങളുടെ കുടുംബ ഡോക്ടറാണ് ഓസെംപിക് നിർദ്ദേശിച്ചതെന്ന തരത്തിൽ ആളുകൾ പലതരത്തിലുള്ള കഥകൾ ഇറക്കി. ഇത്തരം അപവാദങ്ങൾ ഒരിക്കലും അവസാനിക്കില്ലെന്ന് ഞാൻ മനസിലാക്കി. മറ്റാരെയെങ്കിലും പ്രീതിപ്പെടുത്താൻ വേണ്ടിയല്ല ഞാൻ ഭാരം കുറച്ചത്. എന്നാൽ ഇത്രയും ചെറിയ പ്രായത്തിൽ ഇത്തരത്തിലുള്ള വെറുപ്പ് നേരിടേണ്ടി വന്നത് ബുദ്ധിമുട്ടായിരുന്നു.
എനിക്ക് അന്ന് 15 വയസ്സ് മാത്രമായിരുന്നു പ്രായം. എന്റെ മാതാപിതാക്കളാണ് സെലിബ്രിറ്റികൾ, ഞാനല്ല. ഞാൻ എത്രത്തോളം ഭംഗിയില്ലാത്തവളാണെന്ന് എന്നോട് പറയാൻ ആളുകൾക്ക് എന്താണ് അവകാശം? ഇതെന്റെ ജീവിതയാത്രയാണ്. മറ്റൊരാളുടെ മകളോ സഹോദരിയോ എന്താണ് ചെയ്യേണ്ടതെന്ന് അവർ തീരുമാനിക്കുന്നത് എന്തിനാണ്?’
അഭിമുഖം പുറത്തുവന്നതിന് പിന്നാലെ മകളുടെ നിലപാടിനെ കൈയടിച്ച് പ്രശംസിക്കുകയാണ് നടി ഖുശ്ബു. അനന്ദിതയുടെ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് താരം മകളോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചത്.
‘‘നിന്നെയോർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നു എന്റെ ബൊമ്മൈ .’’ എന്നാണ് ഖുശ്ബു ചിത്രത്തോടൊപ്പം കുറിച്ചത്.
Tags : Khushbu Sundar Anandita