കൊച്ചി: എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള കീം റാങ്ക് പട്ടിക തയാറാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നോര്മലൈസേഷന് രീതി ചോദ്യം ചെയ്യുന്ന അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
പുതിയ രീതിപ്രകാരം തയാറാക്കിയ 2026ലെ പ്രോസ്പെക്ടസിലെ വ്യവസ്ഥകള്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു ദോഷകരമാണെന്ന് ആരോപിച്ചു നല്കിയ ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരേയായിരുന്നു അപ്പീല്‍.
എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നു വ്യക്തമാക്കിയ ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് അപ്പീല്‍ തള്ളുകയായിരുന്നു.
വിദഗ്ധരടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ രീതി സ്വീകരിച്ചതെന്നും ഇതിലൂടെ വിവിധ സ്കീമിലുള്ള വിദ്യാര്‍ഥികളുടെ മാര്‍ക്ക് തമ്മിലെ വിവേചനമില്ലാതാകുകയാണ് ചെയ്തതെന്നുമുള്ള സര്‍ക്കാര്‍ വാദവും കോടതി പരിഗണിച്ചു.