തിരുവനന്തപുരം: പുതിയ ബജറ്റിൽ രജിസ്ട്രേഷൻ വകുപ്പിന് 27.7 കോടി രൂപ അനുവദിച്ചെന്നും ജനസൗഹൃദ പരിഷ്‌കരണങ്ങളിലൂടെ വരുമാന വർധനവിനും സുതാര്യതയ്ക്കും മുൻഗണന നൽകിയെന്നും മന്ത്രി ഒ.ജെ. ജനീഷ്.
ജനസൗഹൃദപരവും സുതാര്യവുമായ വിപ്ലവകരമായ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂമിയുടെ ന്യായവില വിപണി യാഥാർഥ്യങ്ങൾക്കനുസരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ സമഗ്രമായി പരിഷ്കരിക്കുവാനും നിലവിലുള്ള എല്ലാ ന്യായവില അപ്പീലുകളും പ്രത്യേക അദാലത്തുകളിലൂടെ 2026 ഒക്ടോബർ 31-നകം സമയബന്ധിതമായി തീർപ്പാക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു.
ഡിജിറ്റൽ സ്റ്റാമ്പിംഗ് സംവിധാനം കൂടുതൽ മേഖലകളിലേക്കും സ്വകാര്യ ഇൻഷുറൻസ്, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ പേപ്പർ രഹിത ഇടപാടുകളും വ്യവസായ സൗഹൃദാന്തരീക്ഷവും ശക്തമാകും. ദീർഘകാലമായി കെട്ടിക്കിടക്കുന്ന അണ്ടർ വാലുവേഷൻ കേസുകൾ പരിഹരിക്കാൻ ആകർഷകമായ ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആവിഷ്കരിച്ചതിനൊപ്പം, 2010 മാർച്ച് 31 വരെയുള്ള പതിനായിരം രൂപയിൽ താഴെയുള്ള ചെറുകിട കുടിശികകൾ പൂർണ്ണമായും എഴുതിത്തള്ളിയത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമായി മാറും.
കൂടാതെ ലൈസൻസുള്ള വെണ്ടർമാരുടെ സ്റ്റാമ്പ് പേപ്പർ വിൽപ്പന പരിധി ഒരു ലക്ഷത്തിൽ നിന്നും മൂന്ന് ലക്ഷം രൂപയായി ഉയർത്തിയതും, കെ-ആർഇആർഎയിൽ രജിസ്റ്റർ ചെയ്ത പരിസ്ഥിതി സൗഹൃദ വില്ലകൾക്ക് മുദ്രവില നിരക്ക് നാല് ശതമാനമായി കുറച്ചതും നിർമ്മാണ-ധനകാര്യ മേഖലകൾക്ക് വലിയ ഉത്തേജനം നൽകും; ഒപ്പം അണ്ടർവാല്യുവേഷൻ കേസുകളിൽ അന്തിമ ഉത്തരവിന് ശേഷവും കുടിശിക വരുത്തുന്ന തുക വസ്തുവിന്മേലുള്ള ബാധ്യതയായി കണക്കാക്കാനുമുള്ള വ്യവസ്ഥകൾ സർക്കാരിന്‍റെ റവന്യൂ വരുമാനം കാര്യക്ഷമമായി സംരക്ഷിക്കുന്നതോടൊപ്പം ഭാവിയിൽ വസ്തു വാങ്ങുന്നവർക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുമെന്ന് ജനീഷ് പത്രക്കുറിപ്പിൽ അറിയിച്ചു.
Tags : OJ Janeesh registration budget