ന്യൂഡൽഹി: തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഉദയിനധി സ്റ്റാലിന് നേർക്ക് കടുത്ത വിമർശനവുമായി ബിജെപി നേതാവും നടിയുമായ ഖുഷ്ബു സുന്ദർ. ഉദയനിധിയുടെ വാക്കുകൾ നീചവും സ്ത്രീവിരുദ്ധവുമാണെന്നും സ്വയം ഒരു നേതാവെന്ന് വിളിക്കുന്നതിൽ ഉദയനിധി ലജ്ജിക്കണമെന്നും ഖുഷ്ബു സുന്ദർ പറഞ്ഞു.
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ വിമർശിച്ച് പ്രസംഗിക്കുന്നതിനിടെ, സദസിൽ നിന്ന് ചിലർ നടി തൃഷയുടെ പേര് വിളിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതിന് മറുപടിയായി ഉദയനിധി നടത്തിയ ദ്വയാർഥ പ്രയോഗം നടിയെ ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിക്കപ്പെടുകയും തുടർന്ന് വ്യാപക പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
പൊതുസമൂഹത്തിൽ നിന്ന് കടുത്ത എതിർപ്പുയർന്നതിനെ തുടർന്ന്, സ്ത്രീകളുടെ അന്തസിനെ ഹനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഉദയനിധിക്കെതിരെ തമിഴ്നാട് പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഉദയനിധിയെ ചോദ്യം ചെയ്യലിന് ശേഷം മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് രാത്രി എട്ടരയോടെയാണ് വിട്ടയച്ചത്.