രാമങ്കരി: അഗ്നി ബാധയെത്തുടർന്ന് കിടങ്ങറയിൽ രണ്ട് കടകൾ കത്തി നശിച്ചു. ഷൈൻ നോക്കി നടത്തുന്ന കിടങ്ങറ നാരായണ ഇലക്ട്രിക്കൽസ് ആന്‍ഡ് സാനിറ്ററിവെയർ, ഇയാളുടെ സഹോദരി ജി. ഷീജ നടത്തിവരുന്ന നന്ദു ഏജൻസീസ് എന്ന ഫെർട്ടിലൈസർ ആൻഡ് പെസ്റ്റിസൈഡ്സ് എന്ന കടകളാണ് തീ പിടുത്തത്തെത്തുടർന്ന് കത്തി നശിച്ചത്.
ഷൈൻ ഇന്നലത്തെ കച്ചവടത്തിന് ശേഷം കടയടച്ച് പുറത്തിറങ്ങുന്നതിനിടെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഇയാളുടെ ഒരു കൈയ്ക്ക് പൊള്ളലേറ്റതായാണ് വിവരം. സംഭവം അറിഞ്ഞ് തിരുവല്ല, ചങ്ങനാശേരി, ആലപ്പുഴ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേന എത്തി തീ കെടുത്തിയെങ്കിലും കടകൾ പൂർണ്ണമായും കത്തിനശിച്ചു.
ഉഗ്ര ശബ്ദത്തോടെ എന്തോ പൊട്ടിത്തെറിക്കുകയും തുടർന്ന് തീ ആളിപ്പടരുകയുമായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.