പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍നിന്ന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ 600 പേര്‍ക്ക് ഉച്ചഭക്ഷണം നല്കി പുന്നത്തുറ സ്വദേശി സജി മുണ്ടയ്ക്കല്‍ സ്നേഹം പങ്കുവച്ചു.
ഒരു വര്‍ഷം മുന്‍പ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ സജി കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്നാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഉച്ചഭക്ഷണം വിതരണം ചെയ്തത്.
ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്മാന്കൂടിയാണ് സജി മുണ്ടയ്ക്കല്‍. പങ്കുവച്ചു കിട്ടിയ ജീവന്റെ സ്നേഹത്തിനും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും വൃക്കമാറ്റിവയ്ക്കല്‍ ടീമിനും നന്ദി അറിയിച്ചായിരുന്നു ഈ സത്കർമം. വൃക്കരോഗത്തിനു പുറമേ സ്ട്രോക്ക്, ഹൃദ്രോഗം ഉള്‍പ്പടെ വിവിധ ആരോഗ്യപ്രശ്നങ്ങളും നേരിട്ടാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
മാര്‍ സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജുള രാമചന്ദ്രന്, യൂറോളജി വിഭാഗം മേധാവി ഡോ. വിജയ് രാധാകൃഷ്ണന്, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സി. കൃഷ്ണന്, അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ട്രാന്‍സ്പ്ലാന്റ് ടീമായിരുന്നു ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍, ഐസിയുവില്‍ ജിസ്മോന്റെ നേതൃത്വത്തിലുള്ള ടീം, നഴ്സുമാര്‍, ഡയാലിസിസ് ടീം ഉള്‍പ്പടെയുള്ളവരുടെ സ്നേഹപൂര്‍വമായ പരിചരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ. മാത്യു തെക്കേല്‍ ഉച്ചഭക്ഷണവിതരണം ഉദ്ഘാടനം ചെയ്തു.