ബെയ്ജിംഗ്: ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലെ അമേരിക്കയുടെ ആഗോള മേധാവിത്വത്തിനു കനത്ത പ്രഹരമേൽപ്പിച്ച് ചൈനീസ് നിർമിത എഐ മോഡലായ ‘കിമി കെ3’ പുറത്തിറങ്ങി. ലോകത്തെ ഏറ്റവും വലിയ എഐ വിപണിയായ അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളിയുയർത്തുന്നതാണ് ബെയ്ജിംഗ് ആസ്ഥാനമായുള്ള ‘മൂൺഷോട്ട് എഐ’ വികസിപ്പിച്ച ഈ പുതിയ മോഡൽ.
അണുബോംബ് നിർമാണത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ സാങ്കേതിക മത്സരത്തിനാണ് നിലവിൽ എഐ രംഗം സാക്ഷ്യം വഹിക്കുന്നത്. എഐ വിലയിരുത്തൽ പ്ലാറ്റ്ഫോമായ ‘അരീന’യുടെ ഫ്രണ്ട്-എൻഡ് കോഡിംഗ് പരീക്ഷണങ്ങളിൽ പ്രമുഖ അമേരിക്കൻ കമ്പനികളായ ആന്ത്രോപിക്കിന്റെ ‘ഫേബിൾ 5’, ഓപ്പൺ എഐയുടെ ‘ജിപിടി-5.6 സോൾ’ എന്നിവയെ അട്ടിമറിച്ച് കിമി കെ3 ഒന്നാമതെത്തി. യുഎസ് കമ്പനികൾക്കുള്ളതുപോലുള്ള കർശനമായ സുരക്ഷാനിയന്ത്രണങ്ങൾ ചൈനീസ് മോഡലുകൾക്ക് ഇല്ലാത്തത് വലിയ സുരക്ഷാഭീഷണി ഉയർത്തുന്നതായി ഇന്റലിജൻസ് സഖ്യമായ ‘ഫൈവ് ഐസ്’ മുന്നറിയിപ്പ് നൽകുന്നുണ്ട്.
‘കിമി കെ3’ക്കുപുറമെ വൻ നിക്ഷേപങ്ങളുമായി ചൈനയുടെ ‘ഡീപ്സീക്ക് വി4’, ആലിബാബയുടെ ‘ക്വെൻ3’, മികച്ച ഏജന്റിക് ശേഷി (വെറുതെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനപ്പുറം മനുഷ്യന്റെ സഹായമില്ലാതെ സ്വയം ചിന്തിച്ച് സങ്കീർണമായ ജോലികൾ പൂർത്തിയാക്കാനുള്ള ശേഷി) യുള്ള ‘ജിഎൽഎം-5.2’ എന്നീ ചൈനീസ് മോഡലുകളും പാശ്ചാത്യരാജ്യങ്ങൾക്കു ഭീഷണിയായി രംഗത്തുണ്ട്.
ചൈനീസ് കമ്പനികൾ അമേരിക്കൻ സാങ്കേതികവിദ്യ ചോർത്തിയാണ് ഇതു നിർമിച്ചതെന്ന് ആന്ത്രോപിക് ആരോപിക്കുന്നുണ്ടെങ്കിലും കിമിയുടെ മികച്ച പ്രകടനം കേവലം വിവരങ്ങൾ ചോർത്തി ഉണ്ടാക്കിയതല്ലെന്ന് ഓപ്പൺ എഐ വ്യക്തമാക്കുന്നു.
അതേസമയം, യുഎസിന്റെയും ചൈനയുടെയും കുത്തക അവസാനിപ്പിക്കാൻ മറ്റ് ആഗോള ശക്തികളും എഐ രംഗത്തു സജീവമാണ്. ഫിനാൻസ്, ഹെൽത്ത് കെയർ മേഖലകൾക്കായി ജപ്പാൻ വികസിപ്പിച്ച ‘പ്ലാമോ’, ‘ഫുഗു അൾട്രാ’, ‘രാകുതൻ’ എന്നീ മോഡലുകൾ ബിസിനസ് രംഗത്ത് മുന്നേറുകയാണ്. അമേരിക്കൻ കമ്പനികൾക്ക് തങ്ങളുടെ ഡാറ്റ കൈമാറാൻ ആഗ്രഹിക്കാത്ത യൂറോപ്യൻ ബിസിനസുകൾക്കായി ഫ്രാൻസിന്റെ ‘മിസ്ട്രൽ’ മികച്ച ഓപ്പൺ-വെയ്റ്റ് മോഡലുകൾ നൽകുന്നു.
ഇതിനൊപ്പം കാനഡയുടെ ‘കോഹിയർ’ തങ്ങളുടെ ‘കമാൻഡ് എ പ്ലസ്’ മോഡലുകളിലൂടെ ആഗോളതലത്തിൽ യുഎസ് കമ്പനികൾക്ക് നേരിട്ട് വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രാദേശിക വിപണികൾ ലക്ഷ്യമിട്ടു ദക്ഷിണ കൊറിയയുടെ ‘ഹൈപ്പർക്ലോവ എക്സ്’, അറബിക് ഭാഷയ്ക്ക് മുൻഗണന നൽകുന്ന യുഎഇയുടെ ‘ഫാൽക്കൺ’ എന്നിവയും എഐ ലോകത്ത് വലിയ മാറ്റങ്ങൾക്കു വഴിതുറക്കുകയാണ്. വരുംമാസങ്ങളിൽ ആഗോള എഐ രംഗത്ത് വലിയ ശക്തികേന്ദ്രങ്ങളുടെ പുനഃക്രമീകരണം ഉണ്ടാകുമെന്നാണ് സാങ്കേതികവിദഗ്ധർ വിലയിരുത്തുന്നത്.