തിരുവനന്തപുരം: ശബരിമലയിൽ തുണി ഊരി പമ്പാ നദിയിൽ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്നും അത് വെറുമൊരു ദുരാചാരമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. വാഹനങ്ങളുടെ മുന്നിൽ കർപ്പൂരം കത്തിക്കുക, പ്ലാസ്റ്റിക് കവറുകളിലുള്ള ഷാംപൂ കൊണ്ടു വരിക തുടങ്ങിയവ ഭക്തർ കർശനമായി ഒഴിവാക്കണം. ശബരിമലയെന്ന പുണ്യ മലയെ സംരക്ഷിക്കാൻ എല്ലാ തീർഥാടകർക്കും ഉത്തരവാദിത്തമുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
തീർഥാടകരുടെ പരാതികൾ മണ്ഡലകാലം കഴിയുന്നതുവരെ വെച്ചുതാമസിപ്പിക്കാതെ അപ്പപ്പോൾ തന്നെ പരിഹരിക്കാൻ ബോർഡ് മാറണം. ഇതിനായി പുതിയ 'ടു-വേ കമ്മ്യൂണിക്കേഷൻ' സംവിധാനം ഏർപ്പെടുത്തും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിനായി ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ 'ശബരിമല സന്ദേശ്' എന്ന മാസിക പ്രസിദ്ധീകരിക്കും.
മണ്ഡലകാലത്തിന് മുന്നോടിയായി നവംബർ 15-ന് മുൻപ് ഇത് പുറത്തിറക്കും. ശബരിമലയിലെ ഭക്തരിൽ ഭൂരിഭാഗവും പുറത്തുനിന്നുള്ളവരായതിനാലാണ് ഈ നീക്കം. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട്. ഇത്തരം വിവരങ്ങളും ക്ഷേത്ര മര്യാദകളും കൃത്യമായി ആളുകളിലേക്ക് എത്തിക്കുകയാണ് മാസികയുടെ പ്രധാന ലക്ഷ്യം.