തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിൽ ഒന്നിലെങ്കിലും പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. വെള്ളയമ്പലത്ത് നടന്ന അയ്യങ്കാളി ജയന്തി ദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം എന്നീ അഞ്ച് ദേവസ്വം ബോർഡുകളുടെയും അധ്യക്ഷ സ്ഥാനത്തേക്ക് ഇതുവരെ പട്ടികജാതി വിഭാഗത്തിൽനിന്ന് പ്രാതിനിധ്യം ഉണ്ടായിട്ടില്ലെന്നും ഈ ചരിത്രം തിരുത്തിയെഴുതാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതയും അർഹതയുമുള്ള നിരവധിയാളുകൾ ഈ വിഭാഗത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനെ വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു എംപിയുടെ പ്രസ്താവന. കൊടിക്കുന്നിൽ സുരേഷിന്റെ ആവശ്യത്തെ തള്ളിക്കളയാതെയാണ് മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചത്. നിലവിലെ ബോർഡുകളുടെ കാലാവധി പൂർത്തിയായ ശേഷം വിഷയം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്നും ചില ക്ഷേത്രങ്ങളിൽ ദളിത് വിഭാഗങ്ങൾക്ക് പ്രവേശനമില്ലാത്ത അവസ്ഥയുണ്ടെന്നും മന്ത്രി ചടങ്ങിൽ കൂട്ടിച്ചേർത്തു.