കൊടുങ്ങല്ലൂർ: നഗരസഭയിൽ കുടുംബശ്രീയുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തെ തുടർന്നു പ്രതിപക്ഷ ബഹളം. ചെയർപേഴ്സൺ യോഗം പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ ബിജെപി അംഗങ്ങൾ നഗരസഭാമന്ദിരത്തിനു മുന്നിൽ ധർണനടത്തി.
അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ടി.എസ്. സജീവന്റെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിക്ക് നിവേദനംനൽകി. നഗരസഭയിലെ ഒന്നാംനമ്പർ സിഡിഎസിൽ സാമ്പത്തിക ആരോപണം ഉന്നയിച്ച് യോഗം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അജൻഡ ചർച്ചചെയ്ത് അംഗീകരിച്ചശേഷം പരിഗണിക്കാമെന്ന് ചെയർപേഴ്സൺ ഹണി പീതാംബരൻ അറിയിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. തുടർന്ന് ബിജെപിയുടെ പ്രതിഷേധം ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിലും ബഹളത്തിലും കലാശിക്കുകയായിരുന്നു. 2025-26 ലെ സിഡിഎസ് ഓഡിറ്റ് ഇനിയും പുറത്തുവരാത്ത സാഹചര്യത്തിൽ പ്രതിപക്ഷം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നഗരസഭാ നടപടികൾ തടസപ്പെടുത്തുന്നത് വികസനപ്രവർത്തനങ്ങൾ തടസപ്പെടുത്താൻവേണ്ടി മാത്രമാണെന്ന് ചെയർപേഴ്സൺ പറഞ്ഞു.