ഇടുക്കി: വിനോദസഞ്ചാരകേന്ദ്രമായ കൊളുക്കുമല സിംഹപ്പാറയിൽ പാറയിൽ നിന്ന് കാൽതെന്നി 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ചെന്നൈ സ്വദേശിയായ കാർത്തികിനെയാണ് ടാക്സി തൊഴിലാളികളും ശാന്തൻപാറ പോലീസും രാജാക്കാട് ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്തത്. പരിക്കേറ്റ ഇയാളെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ സംഘത്തോടൊപ്പമാണ് കാർത്തിക് കൊളുക്കുമലയിലെത്തിയത്. ബുധനാഴ്ച രാവിലെ സിംഹപ്പാറയിൽ നിൽക്കുന്നതിനിടെ തലകറങ്ങി താഴേക്ക് വീഴുകയായിരുന്നു. ആഴമേറിയ കൊക്കയായതിനാൽ ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.
അപകടം നടന്ന സ്ഥലം തമിഴ്നാടിന്റെ അധികാരപരിധിയിൽ വരുന്നതായിരുന്നിട്ടും തമിഴ്നാട് പോലീസും ഫയർഫോഴ്സും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഒടുവിൽ കേരളത്തിൽ നിന്നുള്ള പോലീസും ഫയർഫോഴ്സും പ്രദേശവാസികളും ചേർന്നാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിനെ രക്ഷപ്പെടുത്തിയത്. . ഒരു മാസം മുന്പ് ഇതേ സ്ഥലത്ത് മറ്റൊരു യുവാവ് കൊക്കയിൽ വീണ് മരിച്ചിരുന്നു.