സുൽത്താൻ ബത്തേരി: നിയോജക മണ്ഡലത്തിലെ പട്ടികവർഗ വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർണമായും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച "കൂടെ’ പദ്ധതിയുടെ സമഗ്ര റിപ്പോർട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് സമർപ്പിച്ചു.
റിപ്പോർട്ടിലുള്ള നിർദേശങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. പട്ടികവർഗ വിദ്യാർഥികൾക്ക് ഗുണമേൻമയുള്ള ഹയർ സെക്കൻഡറി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ കുറയ്ക്കുന്നതിനും സർക്കാർ ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയിലെ പട്ടികവർഗ വിദ്യാർഥികൾ പ്ലസ് വണ്‍ പ്രവേശനം മുതൽ പഠനം പൂർത്തിയാക്കുന്നതുവരെ നേരിടുന്ന വെല്ലുവിളികൾ, വിദ്യാഭ്യാസ മേഖലയിലെ നിലവിലെ സാഹചര്യം, പഠനം മുടങ്ങാൻ ഇടയാക്കുന്ന സാമൂഹികവും സാന്പത്തികവുമായ കാരണങ്ങൾ, ഹോസ്റ്റൽ സൗകര്യങ്ങളുടെ അപര്യാപ്തത, യാത്രാ ബുദ്ധിമുട്ടുകൾ, അക്കാദമിക പിന്തുണയുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ റിപ്പോർട്ടിൽ വിശകലനം ചെയ്തിട്ടുണ്ട്.
പ്രശ്നങ്ങൾക്ക് പ്രായോഗികവും ദീർഘകാലാടിസ്ഥാനത്തിലുമുള്ള പരിഹാര നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ബത്തേരി നിയോജക മണ്ഡലത്തിൽ വിജയകരമായി നടപ്പാക്കി വരുന്ന "കൂടെ’ പദ്ധതി പട്ടികവർഗ വിദ്യാർഥികളെ കണ്ടെത്തി പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുക, പഠനം ഉപേക്ഷിക്കാതിരിക്കാൻ തുടർച്ചയായ പിന്തുണ നൽകുക, രക്ഷിതാക്കളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്. മണ്ഡലത്തിൽ ഇതിനകം നിരവധി വിദ്യാർഥികൾക്ക് ഈ പദ്ധതിയിലൂടെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലേക്കുള്ള അവസരം ലഭിച്ചിട്ടുണ്ട്.
സംസ്ഥാനതലത്തിൽ ഇത്തരം മാതൃകാപരമായ ഇടപെടലുകൾ വ്യാപിപ്പിക്കുന്നതിനും ജില്ലയിലെ പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്തുന്നതിനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം തന്നെയാണ് പട്ടികവർഗ സമൂഹത്തിന്റെ സമഗ്ര പുരോഗതിയിലേക്കുള്ള ഏറ്റവും ശക്തമായ മാർഗമെന്നും "കൂടെ’ പദ്ധതിയിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾ തുടർന്നും ശക്തിപ്പെടുത്തുമെന്നും എംഎൽഎ വ്യക്തമാക്കി. അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ, പദ്ധതിയുടെ കോ ഓർഡിനേറ്റർ ഷിവി കൃഷ്ണൻ എന്നിവർഎംഎൽഎയ്ക്കൊപ്പം സന്നിഹിതരായിരുന്നു.