കൂരാച്ചുണ്ട്: പഞ്ചായത്തിലെ മണ്ടോപ്പാറ, ഓട്ടപ്പാലം പ്രദേശങ്ങളിൽ ആഴ്ചകളായി ജനവാസ കേന്ദ്രങ്ങളിലായി തുടരുന്ന കാട്ടാനശല്യം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോയുടെ നേതൃത്വത്തിലുള്ള സംഘം
നിവേദനം നൽകി.
ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോഷി, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ എന്നിവർക്കാണ് നിവേദനം നൽകിയത്. വനംവകുപ്പിന് റിസർവോയറിലൂടെ പട്രോളിംഗ് നടത്തുന്നതിനായി പുതിയ ബോട്ട് നൽകുന്നത് സംബന്ധിച്ച് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർക്ക് കളക്ടർ നിർദേശം നൽകി.
തുടർന്ന് ബോട്ട് അനുവദിക്കുകയും ഇന്നലെ വൈകിട്ടോടെ റിസർവോയറിലൂടെ പട്രോളിംഗ് ആരംഭിക്കുകയും ചെയ്തു. കാട്ടാനകളെ പ്രതിരോധിക്കാൻ പ്രദേശത്ത് വനം വകുപ്പിന്റെ ആർആർടി സംഘം മുഴുവൻ സമയ സേവനം നൽകുമെന്നും അറിയിച്ചു.
കാര്യങ്ങൾ വിലയിരുത്താനായി കളക്ടർ ഉടൻതന്നെ പ്രദേശം സന്ദർശിക്കാനെത്തുമെന്ന് അറിയിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അറിയിച്ചു. പഞ്ചായത്ത് മെമ്പർമാരായ ജോസ് വെളിയത്ത്, പ്രബീഷ് തളിയോത്ത്, ജലീൽ കുന്നുംപുറത്ത്, പഞ്ചായത്ത് സെക്രട്ടറി കെ.പി. മനിൽ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് കളക്ടറെ കണ്ടത്.