കോഴിക്കോട്: ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മ ആത്മഹത്യചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്.
വായ്പാ തിരിച്ചുപിടിക്കൽ നടപടികൾ നിലവിലുള്ള നിയമവ്യവസ്ഥകളും കോടതി നിർദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് മാത്രമാണെന്നും വായ്പാ കുടിശിക തീർപ്പാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ (ഒടിഎസ്) ഉൾപ്പടെയുള്ള അവസരങ്ങളും സാവകാശവും നൽകിയിരുന്നുവെങ്കിലും അവ പ്രയോജനപ്പെടുത്താൻ ഇടപാടുകാർക്ക് സാധിക്കാതെ വരികയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഡിസംബര്‍ 15 വരെ തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു.
കൂത്താളി കുഞ്ഞോത്ത് കുയ്യോടന്കണ്ടി ബാബു നടുവണ്ണൂർ ശാഖയിൽനിന്ന് 2018ൽ 7,68,000 രൂപയും ഭാര്യ കവിത 16,80,000 രൂപയും പരിധിയുള്ള രണ്ടു ഭവന വായ്പകൾ എടുത്തിരുന്നു.19 സെന്റ് ഭൂമി ഈടായി നൽകിയായിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പലിശയും മറ്റ് ബാധ്യതകളും ഉൾപ്പടെ കുടിശിക 49.59 ലക്ഷം രൂപയായി.
2021 ഫെബ്രുവരി അഞ്ചിന് വായ്പാ അക്കൗണ്ടുകൾ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. തുടർന്ന് സർഫാസി നിയമത്തിലെ വകുപ്പ് പ്രകാരം സ്വത്ത് ഏറ്റെടുക്കാൻ 2023 മാർച്ച് 14ന് അനുമതി ലഭിച്ചു. ഇതിന്റെ ഭാഗമായി അഡ്വ. കമ്മിഷണർ അഞ്ചുതവണ ഒഴിപ്പിക്കൽ നോട്ടീസ് നൽകി.
2024 സെപ്റ്റംബർ രണ്ടിലെ നോട്ടീസിനെതിരേ കവിത നൽകിയ ഹർജി 2025 ജൂൺ അഞ്ചിന് എറണാകുളം ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ തള്ളി. തിരിച്ചുപിടിക്കൽ നടപടികൾക്കെതിരേ കേരള ഹൈക്കോടതിയിൽ മൂന്ന് റിട്ട് ഹർജികളും നൽകിയിരുന്നു. ഇവ തീർപ്പാക്കിയതല്ലാതെ നടപടികൾക്ക് സ്റ്റേ ലഭിച്ചിട്ടില്ല.
2026 ജനുവരി ഏഴിലെ ഒഴിപ്പിക്കൽ നോട്ടീസിനെ തുടർന്ന് കുടിശിക തീർക്കാൻ വായ്പക്കാർ രണ്ടുമാസത്തെ സാവകാശം തേടി. ഇതിനിടെ ബാബു ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിൽ നൽകിയ ഹർജിയിൽ വീട് ഏറ്റെടുക്കൽ നടപടികൾക്ക് സ്റ്റേ അനുവദിക്കണമെന്ന ആവശ്യവും തള്ളപ്പെട്ടു.
ജൂലൈ 15ന് നടന്ന വായ്പാ അദാലത്തിൽ 37 ലക്ഷം രൂപയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ (ഒടിഎസ്) സൗകര്യം ബാങ്ക് അനുവദിച്ചു.
ജൂലൈ 31നകം 7.5 ലക്ഷവും സെപ്റ്റംബർ 25നകം ബാക്കി തുകയും അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ വായ്പാ ഇടപാടുകാർ ഈ വ്യവസ്ഥകൾ പാലിച്ചില്ല. തുടര്‍ന്ന് ഒഴിപ്പിക്കൽ നോട്ടീസ് വായ്പാ ഇടപാടുകാർക്ക് നേരിട്ട് കൈമാറുകയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.