കോട്ടയം: പ്രമുഖ ഗോള്ഡ് ലോണ് എന്ബിഎഫ്സിയായ കൊശമറ്റം ഫിനാന്സ് ലിമിറ്റഡിന്റെ ക്രെഡിറ്റ് റേറ്റിംഗ് എ പ്ലസായി ഉയര്ത്തി പ്രമുഖ റേറ്റിംഗ് ഏജന്സിയായ ഇന്ത്യാ റേറ്റിംഗ്സ് ആന്ഡ് റിസര്ച്ച്. കമ്പനിയുടെ വളര്ച്ചാമുന്നേറ്റത്തിനും സാമ്പത്തികശേഷിക്കും കൂടുതല് അംഗീകാരം നല്കുന്നതാണ് ഈ റേറ്റിംഗ് വര്ധന.
ആയിരത്തിലധികം ശാഖകളിലൂടെ പ്രവര്ത്തിക്കുന്ന കൊശമറ്റം ഫിനാന്സ്, സ്വര്ണപ്പണയ വായ്പാരംഗത്തു ശക്തമായ സാന്നിധ്യമുള്ള സ്ഥാപനമാണ്.
ക്രെഡിറ്റ് റേറ്റിംഗ് എന്നത് ഒരു സ്ഥാപനത്തിന്റെയോ അതിന്റെ വായ്പാബാധ്യതകളുടെയോ സാമ്പത്തികബാധ്യതകള് കൃത്യസമയത്തു തിരിച്ചടയ്ക്കാനുള്ള ശേഷിയെ വിലയിരുത്തുന്ന ഏജന്സിയുടെ അഭിപ്രായമാണ്.
എ പ്ലസ് എന്നതിലെ പ്ലസ് ചിഹ്നം ആ വിഭാഗത്തിനുള്ളിലെ താരതമ്യേന ഉയര്ന്ന സ്ഥാനത്തെയാണു സൂചിപ്പിക്കുന്നതെന്ന് കൊശമറ്റം ഫിനാന്സ് ലിമിറ്റഡ് മാനേജിഗ് ഡയറക്ടര് മാത്യു കെ. ചെറിയാന് പറഞ്ഞു.
സ്വര്ണവായ്പാരംഗത്തെ സാന്നിധ്യം കൂടുതല് ശക്തിപ്പെടുത്തി ഏതാനും മാസങ്ങള്ക്കുള്ളില് ബിസിനസ് 12,000 കോടി രൂപയിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി ശാഖാശൃംഖലയുടെ കാര്യക്ഷമത വര്ധിപ്പിക്കുക, ഉപഭോക്തൃസേവനം മെച്ചപ്പെടുത്തുക, സുസ്ഥിരമായ വളര്ച്ച ഉറപ്പാക്കുക എന്നിവയ്ക്ക് മുന്ഗണന നല്കിവരുന്നു.
സ്വര്ണവായ്പാമേഖലയിലെ അവസരങ്ങള് പ്രയോജനപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക അച്ചടക്കം, ഉത്തരവാദിത്വപരമായ വായ്പാപ്രവര്ത്തനം, ഉപഭോക്തൃവിശ്വാസം എന്നിവയ്ക്കു പ്രാധാന്യം നല്കിയാണ് കൊശമറ്റം ഫിനാന്സ് മുന്നോട്ടുപോകുന്നത്. റേറ്റിംഗ് വര്ധന സ്ഥാപനത്തിന്റെ തുടര് വളര്ച്ചാപദ്ധതികള്ക്ക് കൂടുതല് ആത്മവിശ്വാസം പകരുന്നതാണെന്നും മാത്യു കെ. ചെറിയാന് പറഞ്ഞു.