കൊല്ലം: കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ അരിച്ചാക്കുകളിൽ കീടനാശിനി മിശ്രിതം തളിച്ചതായി പരാതി. കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപത്തെ സപ്ലൈകോ ഗോഡൗണിലാണ് സംഭവം. അലൂമിനിയം ഫോസ്ഫൈഡും മാലത്തിയോണും ചേർന്ന മിശ്രിതമാണ് ഉപയോഗിച്ചത്.
അരി കേടാകാതിരിക്കാനായി വിഷമിശ്രിതം ഉപയോഗിച്ചെന്നാണു പരാതി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹ്യുമിഗേഷൻ നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കരാർ ജീവനക്കാരാണ് ഹ്യുമിഗേഷൻ നടത്തിയത്.
അരിയും മറ്റും സൂക്ഷിച്ചിട്ടുള്ള ചാക്കുകളുടെ ഇടയിൽ ഫോസ്ഫേറ്റ് ഗുളികകൾ പേപ്പറിൽ പൊതിഞ്ഞ് വച്ചതായും കണ്ടെത്തി. പരാതിയെ തുടർന്ന് സപ്ലൈകോ റീജണൽ മാനേജർ സ്ഥലത്തെത്തി. കൊട്ടാരക്കര പൊലീസ് എത്തി കീടനാശിയും പമ്പും കെമിക്കൽ സാധനങ്ങളും ഏജൻസിക്കാരുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഗോഡൗൺ പൂട്ടി സീൽ ചെയ്തു. തിരുവനന്തപുരം സോണൽ മാനേജരുടെ നേതൃത്വത്തിൽ ഇന്ന് പരിശോധന നടത്തും.
നേരത്തെ പഴകിയ അരി വൃത്തിയാക്കിയ സംഭവത്തിൽ വിഷാംശം കണ്ടെത്തിയത് 2021ൽ വിവാദമായിരുന്നു. 2017, 18 വർഷങ്ങളിൽ അരിച്ചാക്കുകൾ പുഴുവരിച്ച നിലയിലായിരുന്നു. കൂടാതെ 2000 ചാക്ക് പഴകിയ അരി വൃത്തിയാക്കാൻ സ്വകാര്യവ്യക്തിക്ക് കരാർ നൽകിയതും വിവാദമായിരുന്നു.
പെസ്റ്റ് കൺട്രോളറുടെ സാന്നിധ്യത്തിലാണ് ഹ്യുമിനേഷൻ നടത്തേണ്ടത്. എന്നാൽ ഇവിടെ കരാറെടുക്കുന്നവർ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാതെ ഹ്യുമിനേഷൻ നടത്തുന്നത് തുടരുകയായിരുന്നു.