കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ബസ്സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി ഇടിച്ചുകയറി മൂന്നു പേർ മരിച്ചവര്‍ ബസ് കാത്തുനിന്നവർ. രാവിലെ 7.20ഓടെയാണ് അപകടമുണ്ടായത്. 7.10 നു വരുന്ന ബസിനായി കാത്തിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പുരുഷന്മാര്നിന്നിരുന്ന ഭാഗത്തേക്കാണ് ടിപ്പര്‍ ലോറി ഇടിച്ചുകയറിയത്.
സാധാരണ ഇത്രയും ആളുകള്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടാകാറില്ലെന്ന് സമീപത്തു ചായക്കട നടത്തുന്നയാള്‍ പറഞ്ഞു. 15 ഓളം പേര് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ബസ് വരാന്‍ വൈകുകയും ചെയ്തു. ബസ് സമയത്തെത്തിയിരുന്നെങ്കില് ഇത്രയുംപേര്‍ അപകടത്തില്പ്പെടില്ലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
മണ്ണ് കയറ്റി വന്ന ലോറി അമിത വേഗത്തില്‍ ഇറക്കം ഇറങ്ങിവരുന്നതിനിടെയാണ് ഹരിലാലിന്റെ ബൈക്കില്‍ ഇടിച്ചത്. ബൈക്കിലിടിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും ലോറിയുടെ അമിതവേഗംമൂലം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
ലോറിയില്‍ ഉണ്ടായിരുന്ന മണ്ണ് അപകടത്തില്‍പ്പെട്ടവരുടെ മേലേക്ക് മറിയുകയായിരുന്നു. ഇതിനു പുറമെ തകര്‍ന്ന ബസ്സ്റ്റോപ്പിന്റെയും മതിലിന്റെയും കരിങ്കല്ലും ആളുകള്‍ക്ക് മേല്‍പതിച്ചു. ഇവയെല്ലാം അപകടത്തില്‍പ്പെട്ടവരുടെ മേല്‍ കൂമ്പാരമായി കിടന്നത് രക്ഷപ്രവര്‍ത്തനത്തെ ബാധിച്ചു.
മണ്ണിനടിയില്‍ എത്ര പേരുണ്ടെന്നുപോലും അറിയാന്‍ ആദ്യം സാധിച്ചില്ല. കൊട്ടാരക്കരയില്‍നിന്നും കുണ്ടറയില്‍നിന്നും ഫയര്‍ഫോഴ്സ് എത്തി മണ്ണ് നീക്കം ചെയ്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്.