കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ ഓണസമ്മാനമായി കോട്ടയം-ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്ന ഗ്രാമവണ്ടിക്ക് ഡബിള്‍ബെല്‍. കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയശേഷമുള്ള ആദ്യ ഗ്രാമവണ്ടിയാണിത്.
ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവഴിച്ച് കെഎസ്ആര്‍ടിസിയുമായി കൈകോര്‍ത്താണ് ഗ്രാമവണ്ടി സര്‍വീസ്. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനു വരുന്ന ചെലവുകള്‍ക്കാണ് ഒരു വര്‍ഷത്തേക്ക് 25 ലക്ഷം രൂപ നല്‍കുന്നത്.
രാവിലെ ഏഴിന് കോട്ടയത്തുനിന്നു പുറപ്പെട്ട് പുതുപ്പള്ളി, ഞാലിയാകുഴി, പുല്ലുകാട്ടുപടി, ജറുസലം മൗണ്ട്, വള്ളിക്കാട്ട് ദയറ, പുത്തന്‍ചന്ത, കണ്ണഞ്ചിറ, പരപ്പാട്ടുപടി, ചീരഞ്ചിറ വഴി 8.20നു ചങ്ങനാശേരിയിലെത്തും. തുടര്‍ന്ന് 8.30നു ചങ്ങനാശേരിയില്‍നിന്നു തിരിച്ച് മാമ്മൂട്, കൊച്ചുറോഡ്, പാലമറ്റം, മണ്ണാംകവല, രാജമറ്റം, വട്ടോളി, തോട്ടക്കാട് അമ്പലക്കവല, ഇരവുചിറ, ഞാലിയാകുഴി വഴി 10ന് കോട്ടയത്ത് എത്തിച്ചേരും. രണ്ടാം ട്രിപ്പ് കോട്ടയത്തുനിന്ന് 11ന് പുറപ്പെട്ട് 12.20ന് ചങ്ങനാശേരിയില്‍ എത്തും. തിരികെ ചങ്ങനാശേരിയില്‍നിന്ന് 12.45ന് പുറപ്പെട്ട് രണ്ടിന് കോട്ടയത്തെത്തും.
മൂന്നാം ട്രിപ്പ് കോട്ടയത്തുനിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് 4.20ന് ചങ്ങനാശേരിയില്‍ എത്തും. തിരികെ ചങ്ങനാശേരിയില്‍നിന്ന് 5.10ന് പുറപ്പെട്ട് 6.40ന് കോട്ടയത്ത് എത്തുംവിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സര്‍വീസുകള്‍ ഇല്ലാത്ത ഗ്രാമീണ മേഖലകളിലെ കടുത്ത യാത്രാക്ലേശത്തിന് പരിഹാരം കാണുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രദേശത്തെ വനിതകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്നതോടൊപ്പം കെഎസ്ആര്‍ടിസിയുടെ സൗജന്യ യാത്രാ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുക കൂടിയാണ് ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ ചെയ്യുന്നത്. ഗ്രാമവണ്ടിയുടെ ഉദ്ഘാടനം ഇന്നലെ ഞാലിയാകുഴിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.