പത്തനംതിട്ട: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ കത്തീഡ്രല്‍ നവീകരിച്ച ദേവാലയ കൂദാശയും എട്ടു നോമ്പാചരണവും 28 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 28നു വൈകുന്നേരം നാലിന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെയും മെത്രാപ്പോലീത്തമാരെയും കുമ്പഴ സെന്റ് സൈമണ്‍ കത്തീഡ്രലില്‍ നിന്നു സ്വീകരിച്ച് ആനയിക്കും. 30നു ചേരുന്ന സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. കെ.ജി. മാത്യു അധ്യക്ഷത വഹിക്കും. കുമ്പഴ നസ്രാണി മരിയന്‍ അവാര്‍ഡ് കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയ്ക്കു കാതോലിക്കാ ബാവ സമ്മാനിക്കും. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത, അബിന്‍ വര്‍ക്കി എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനിൽ, ഭദ്രാസന സെക്രട്ടറി ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ തുടങ്ങിയവര്‍ പ്രസംഗിക്കും.
ആറിന് ദേവാലയ ശുദ്ധീകരണ കൂദാശ, സന്ധ്യാനമസ്കാരം. 29നു രാവിലെ ഏഴിന് കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 30നു രാവിലെ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് കൊടിയേറ്റ്. എട്ടുനോമ്പിനോടനുബന്ധിച്ച് എല്ലാദിവസവും രാവിലെ 6.30ന് പ്രഭാത പ്രാര്‍ഥനയേ തുടര്‍ന്ന് കുര്‍ബാന. ഡോ. യുഹാനോന്‍ മാര്‍ ദിയസ്കോറസ്, ഡോ.തോമസ് മാര്‍ അത്താനാസിയോസ്, ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ്, ഡോ.യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, ഡോ.യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ കാര്‍മികരാകും. ഒന്നിനു രാവിലെ തീര്ഥാടനവാരം ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഏഴിനു രാത്രി ഏഴിന് പെരുന്നാള്‍ പ്രദക്ഷിണം. എട്ടനു രാവിലെ കുര്‍ബാനയ്ക്ക് ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, കൊടിയിറക്ക്, ശ്ലൈഹിക വാഴ് വ്. നേര്‍ച്ചവിളമ്പ് എന്നിവയോടെ എട്ടുനോമ്പാചരണവും പെരുന്നാളും സമാപിക്കും.
വികാരി ഫാ.കെ.ജി. മാത്യു, സഹവികാരി ഫാ.ശാമുവേല്‍ പാപ്പച്ചന്, ട്രസ്റ്റി അലക്സാണ്ടര്‍ മൂലമുറിയില്‍, സെക്രട്ടറി സുനില്‍ തോമസ്, ജനറല്‍ കണ്‍വീനര്‍ അനില്‍ കെ. ടൈറ്റസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.