ബെർലിൻ: മലയാളിയുടെ ദേശീയ ഉത്സവമായ തിരുവോണത്തെ മലയാളക്കരയ്ക്കും സ്വദേശത്തായാലും വിദേശത്തായാലും ഒരു മലയാളിക്കും വിസ്മരിക്കാനാവില്ലെന്ന തിരിച്ചറിവിൽ ഇക്കൊല്ലത്തെ ഓണാഘോഷങ്ങൾക്ക് ഉത്സവപ്രതീതി നൽകാൻ പ്രമുഖ മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിലിന്റെ വരികളിൽ ഒരുക്കിയ പുതിയ ഓണപ്പാട്ട് റിലീസ് ചെയ്തു.
പ്രവാസി മലയാളി മനസിന് നാടൻ ഉത്സവ തനിമയും സംഗീത മധുരവും പകർന്നു നൽകുന്ന ശ്രാവണപുലരി പുതിയ തിരുവോണ സംഗീത ആൽബം കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിലാണ് ശ്രോതാക്കൾക്കായി സമർപ്പിച്ചത്.
എൻആർഡബ്ല്യു സംസ്ഥാനത്തെ നമസ്തേ ജർമനി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജർമനിയിലെ എന്നെപ്പെറ്റാൽ സ്റ്റാറ്റ് ഹാളിൽ സംഘടിപ്പിച്ച പൂക്കി ഓണം - ഗ്രാൻഡ് ഓണം സെലിബ്രേഷൻസ് വേദിയിൽ വച്ചായിരുന്നു ഗാനത്തിന്റെ ഔദ്യോഗിക പ്രകാശന കർമം.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷിക ദിനമായ ശനിയാഴ്ച നടന്ന വർണാഭമായ ചടങ്ങിൽ ജർമൻ പാർലമെന്റ് അംഗം റ്റിജെൻ അറ്റയെഗ്ളു, ഫാ. തോമസ് ചാലിൽ സിഎംഐ, ഫാ. ടോം കൂട്ടൂങ്കൽ എംസിബിഎസ്, ജോളി തടത്തിൽ (ഈസ്റ്റ് വെസ്റ്റ് ഫുഡ് സിഇഒ), മേഴ്സി തടത്തിൽ എന്നിവർ ചേർന്നാണ് ആൽബം പ്രകാശനം ചെയ്തത്.
ചടങ്ങിൽ ലിയ ചെറിയാൻ, നിധിൻ ഐപ്പ് എന്നിവർ അവതാരകരായിരുന്നു. ജോസ് കുമ്പിളുവേലിൽ നന്ദി രേഖപ്പെടുത്തി.
ശ്രാവണപുലരി: അണിയറ പ്രവർത്തകർ, രചന: പ്രമുഖ മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിൽ, സംഗീതവും ആൽബം സംവിധാനവും: സംഗീത സംവിധായകൻ ഷാന്റി ആന്റണി അങ്കമാലി, ആലാപനം: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ചിത്ര അരുൺ, കോറസ്: ഡയാസിനി, ട്രീസ, എറിൻ, ഓർക്കസ്ട്രേഷൻ: ജോബി പ്രിമോസ്,
പുല്ലാങ്കുഴൽ: ജോസഫ് മാടശേരി, സൗണ്ട് ഡിസൈനിംഗ്: ഷിയാസ് മേനോലിൽ (റിക്കാർഡിംഗ്: മെട്രോ സ്റ്റുഡിയോ, കൊച്ചി), കാമറ & എഡിറ്റിംഗ്: നിഖിൽ അഗസ്റ്റിൻ (കാമറ), റോബിൻ ജോസ് (എഡിറ്റ്), ജെൻസ് കുമ്പിളുവേലിൽ (അഡീഷണൽ എഡിറ്റിംഗ് & വിഷ്വൽസ്), നിർമാണം: കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ ഷീന കുമ്പിളുവേലിൽ, ജെൻസ് കുമ്പിളുവേലിൽ, ജോയൽ കുമ്പിളുവേലിൽ, മാധ്യമ പങ്കാളിത്തം (സഹകരണം): പ്രവാസി ഓൺലൈൻ.