പോസ്റ്റർ പ്രകാശനം ചെയ്യുന്നു
ബെർലിൻ: മലയാളിയുടെ ദേശീയ ഉത്സവമായ തിരുവോണത്തെ മലയാളക്കരയ്ക്കും സ്വദേശത്തായാലും വിദേശത്തായാലും ഒരു മലയാളിക്കും വിസ്മരിക്കാനാവില്ലെന്ന തിരിച്ചറിവിൽ ഇക്കൊല്ലത്തെ ഓണാഘോഷങ്ങൾക്ക് ഉത്സവപ്രതീതി നൽകാൻ പ്രമുഖ മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിലിന്റെ വരികളിൽ ഒരുക്കിയ പുതിയ ഓണപ്പാട്ട് റിലീസ് ചെയ്തു.
പ്രവാസി മലയാളി മനസിന് നാടൻ ഉത്സവ തനിമയും സംഗീത മധുരവും പകർന്നു നൽകുന്ന ശ്രാവണപുലരി പുതിയ തിരുവോണ സംഗീത ആൽബം കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിലാണ് ശ്രോതാക്കൾക്കായി സമർപ്പിച്ചത്.
എൻആർഡബ്ല്യു സംസ്ഥാനത്തെ നമസ്തേ ജർമനി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജർമനിയിലെ എന്നെപ്പെറ്റാൽ സ്റ്റാറ്റ് ഹാളിൽ സംഘടിപ്പിച്ച പൂക്കി ഓണം - ഗ്രാൻഡ് ഓണം സെലിബ്രേഷൻസ് വേദിയിൽ വച്ചായിരുന്നു ഗാനത്തിന്റെ ഔദ്യോഗിക പ്രകാശന കർമം.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷിക ദിനമായ ശനിയാഴ്ച നടന്ന വർണാഭമായ ചടങ്ങിൽ ജർമൻ പാർലമെന്റ് അംഗം റ്റിജെൻ അറ്റയെഗ്ളു, ഫാ. തോമസ് ചാലിൽ സിഎംഐ, ഫാ. ടോം കൂട്ടൂങ്കൽ എംസിബിഎസ്, ജോളി തടത്തിൽ (ഈസ്റ്റ് വെസ്റ്റ് ഫുഡ് സിഇഒ), മേഴ്സി തടത്തിൽ എന്നിവർ ചേർന്നാണ് ആൽബം പ്രകാശനം ചെയ്തത്.
ചടങ്ങിൽ ലിയ ചെറിയാൻ, നിധിൻ ഐപ്പ് എന്നിവർ അവതാരകരായിരുന്നു. ജോസ് കുമ്പിളുവേലിൽ നന്ദി രേഖപ്പെടുത്തി.
ശ്രാവണപുലരി: അണിയറ പ്രവർത്തകർ, രചന: പ്രമുഖ മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിൽ, സംഗീതവും ആൽബം സംവിധാനവും: സംഗീത സംവിധായകൻ ഷാന്റി ആന്റണി അങ്കമാലി, ആലാപനം: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ചിത്ര അരുൺ, കോറസ്: ഡയാസിനി, ട്രീസ, എറിൻ, ഓർക്കസ്ട്രേഷൻ: ജോബി പ്രിമോസ്,
പുല്ലാങ്കുഴൽ: ജോസഫ് മാടശേരി, സൗണ്ട് ഡിസൈനിംഗ്: ഷിയാസ് മേനോലിൽ (റിക്കാർഡിംഗ്: മെട്രോ സ്റ്റുഡിയോ, കൊച്ചി), കാമറ & എഡിറ്റിംഗ്: നിഖിൽ അഗസ്റ്റിൻ (കാമറ), റോബിൻ ജോസ് (എഡിറ്റ്), ജെൻസ് കുമ്പിളുവേലിൽ (അഡീഷണൽ എഡിറ്റിംഗ് & വിഷ്വൽസ്), നിർമാണം: കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ ഷീന കുമ്പിളുവേലിൽ, ജെൻസ് കുമ്പിളുവേലിൽ, ജോയൽ കുമ്പിളുവേലിൽ, മാധ്യമ പങ്കാളിത്തം (സഹകരണം): പ്രവാസി ഓൺലൈൻ.

നാടൻ തനിമയും പ്രകൃതിഭംഗിയും നിറയുന്ന ദൃശ്യാവിഷ്കാരം
"ശ്രാവണപുലരിയിൽ ഞാൻ കേട്ടുണർന്നു, ശ്രീരാഗമധുരമാം ഈരടികൾ...’ എന്ന് തുടങ്ങുന്ന ഈ ഗാനം പ്രകൃതിയുടെ പ്രണയവും പൊന്നോണക്കനവുകളും ഗ്രാമീണഭംഗിയും പൂക്കളുടെ വസന്തവും കോർത്തിണക്കിയ ഹൃദയഹാരിയായ സംഗീത വിരുന്നാണ്.
തൃപ്പൂണിത്തുറ ഹിൽപാലസും പരിസര പ്രദേശങ്ങളും കൂടാതെ ആലുവയുടെ മനോഹരമായ പ്രകൃതിഭംഗിയും അറുപതോളം ഫ്രെയിമുകളിൽ (അഭ്രപാളികളിൽ) പകർത്തിയാണ് ഇതിന്റെ ദൃശ്യാവിഷ്കാരം ഏറെ ശ്രേഷ്ഠമാക്കിയത്.
കേൾക്കുമ്പോൾ തന്നെ മനസിന് ഒരു പ്രത്യേക സുഖവും ശാന്തതയും അനുഭവപ്പെടുന്ന ഈരടികളുടെ ഭംഗിയും സംഗീതത്തിന്റെ മാധുര്യവും ആലാപനത്തിന്റെ ഹൃദയസ്പർശിയായ ഭാവവും ഒത്തുചേർന്ന് ഗാനം ഏറെ ആസ്വാദ്യകരമാക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞു.
ലളിതമായ വരികളിൽ മനസിനെ തൊട്ടുതലോടുന്ന സംഗീതത്തിൽ സുന്ദരമായ ആലാപനവശ്യത ഗാനത്തെ ഏറെ ശ്രേഷ്ഠമാക്കിയെന്നു മാത്രമല്ല, ഒപ്പം ചാരുതയാർന്ന സമ്പുഷ്ടമായ ദൃശ്യാനുഭവം കൂടി ചേർത്തപ്പോൾ ആൽബത്തെ സംഗീതപ്രേമികൾ നെഞ്ചിലേറ്റി ഉന്നതിയിലെത്തിച്ചു.
അതുകൊണ്ടുതന്നെ കുമ്പിൾ ക്രിയേഷൻസിന്റെ ഓണസമ്മാനമായ ശ്രാവണപുലരി എന്ന ഗാനം ഈ വർഷത്തെ ഏറ്റവും നല്ല തിരുവോണ സംഗീത ആൽബമായി മാറുമെന്നു തീർച്ചയാണ്.
രചനയും സംഗീതവും ആലാപനവും അത്രമേൽ ഹൃദ്യമായി സമന്വയിപ്പിച്ച് ഗൃഹാതുരത്വം നെഞ്ചിലേറ്റുന്ന പ്രവാസലോകത്തിന്റെ ആത്മാർപ്പണമാണ് ആൽബത്തിൽ പ്രതിഫലിക്കുന്നത്. ജോസ് കുമ്പിളുവേലിലിന്റെ തൂലികയിൽ പിറന്ന (2021, 2025 (2), 2026) നാലാമത്തെ ഓണപ്പാട്ടാണിത്.
1988 മുതൽ ക്രിസ്തീയ ഭക്തിഗാന ശാഖയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ യൂറോപ്പിലെ ആദ്യത്തെ (2007) മലയാളത്തിലുള്ള ന്യൂസ് പോർട്ടലായ പ്രവാസി ഓൺലൈനിന്റെ സഹകരണത്തോടെയാണ് ഇത്തവണയും ആൽബം പുറത്തിറക്കിയത്.
ശ്രാവണപുലരി ആൽബം ഇപ്പോൾ കുമ്പിൾ ക്രിയേഷൻസിന്റെ (Kumpil Creations) ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ആഗോള മലയാളികൾക്ക് സംഗീതാസ്വാദകർക്ക് ലഭ്യമാണ്.
യൂട്യൂബിലും ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ വഴിയായും വൈറലായിക്കൊണ്ടിരിക്കുന്ന ആൽബത്തിന് ലൈക്കും കമന്റും അഭിനന്ദനങ്ങളും നേടി മുന്നേറുകയാണ്.
പൊന്നുംചിങ്ങത്തിൽ വസന്തമായി... ആസ്വാദ്യതയുടെ രുചിക്കൂട്ടുമായി... ഹൃദയത്തിൽ സൂക്ഷിക്കാൻ ഇതാ ഒരു ഉത്സവഗാനം!
ഗാനം ആസ്വദിക്കാൻ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക: ">