ഹരിപ്പാട്: കുട്ടനാടിനെയും അപ്പർകുട്ടനാടിനെയും ബന്ധിപ്പിക്കുന്ന കരുവാറ്റ-നെടുമുടി റോഡിലെ കുറിച്ചിക്കൽ പാലത്തിന്റെ പ്രധാന നിർമാണജോലികൾ പൂർത്തിയായി അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും അടിപ്പാതയിലെ യാത്രാദുരിതമൊഴിയാതെ നാട്ടുകാർ. കുറിച്ചിക്കൽ കടവിൽ ലീഡിംഗ് ചാനലിനു കുറുകെയുള്ള പാലത്തിനടിയിലെ വഴിയും സമീപത്തെ പുരയിടങ്ങളും കൈയടക്കി പഴയ നിർമാണസാമഗ്രികളും കൂറ്റൻ ടവർ ക്രെയിനും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്.
2017 മുതൽ ഇവിടെ അനാഥമായി കിടക്കുന്ന ഇവ കരുവാറ്റ സെന്റ് ജോസഫ്സ് സ്കൂൾ, പള്ളി, കോൺവന്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്.
ഭീഷണിയായി ടവർ ക്രെയിൻ
പാലത്തിന്റെ അടിപ്പാതയിലെ റോഡിലേക്കും സമീപത്തെ പുരയിടത്തിലേക്കുമായി ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് കാടുകയറിയ കൂറ്റൻ ടവർ ക്രെയിൻ ചരിഞ്ഞുനിൽക്കുന്നത്.
ഇതിനുപുറമെ പഴയ ജനറേറ്ററും അടിപ്പാതയിലെ വഴി തടസപ്പെടുത്തി കൂട്ടിയിട്ടിരിക്കുന്ന കൂറ്റൻ ഇരുമ്പ് ചട്ടക്കൂടുകളും കാരണം സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും സുഗമമായി സഞ്ചരിക്കാൻ കഴിയുന്നില്ല. സെന്റ് ജോസഫ്സ് പള്ളിക്ക് മുന്നിലെ ബോട്ടുജെട്ടിക്ക് സമീപം ജലപാത തടസപ്പെടുത്തി കിടക്കുന്ന പഴയ ഇരുമ്പ് ചങ്ങാടവും ഇതുവരെ നീക്കം ചെയ്തിട്ടില്ല. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതിനാൽ അടിപ്പാത വഴിയുള്ള യാത്ര വൻ അപകടക്കെണിയായി മാറിയിരിക്കുകയാണ്.
ബാങ്ക് ജപ്തിയിൽ കുരുങ്ങി
നബാർഡ് സഹായത്തോടെ 28.25 കോടി രൂപ ചെലവിൽ 2016 ഫെബ്രുവരിയിലാണ് കുറിച്ചിക്കൽ കടവിൽ പാലം നിർമാണം ആരംഭിച്ചത്. പ്രളയവും നിർമാണക്കമ്പനിയുടെ അനാസ്ഥയും കാരണം പണി വർഷങ്ങളോളം സ്തംഭിച്ചു. തുടർന്ന് കരാർ റദ്ദാക്കുകയും മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ അധിക തുകയായി 12 കോടി രൂപ കൂടി അനുവദിക്കുകയും ചെയ്തതോടെയാണ് പാലം പണിക്ക് ജീവൻവച്ചത്.
പുതിയ കരാറുകാർ എത്തി പ്രധാന സ്പാനുകളുടെ കോൺക്രീറ്റിംഗ് ഉൾപ്പെടെ പൂർത്തിയാക്കി പാലം അന്തിമഘട്ടത്തിലേക്ക് എത്തിച്ചു. എന്നാൽ, മുൻപ് ജോലി ചെയ്തിരുന്ന കരാറുകാരന്റെ യന്ത്രസാമഗ്രികൾ ബാങ്ക് ജപ്തി നടപടികളിലായതിനാൽ പുതിയ കരാറുകാർക്ക് ഇവ മാറ്റാൻ സാധിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
ദേശീയപാതയെയും എസി റോഡനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കുറിച്ചിക്കൽ പാലത്തിന്റെ അനുബന്ധ റോഡുകളുടെ നിർമാണം കൂടി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുൻപായി, അടിപ്പാതയിലെയും ജലപാതയിലെയും മുഴുവൻ തടസങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.