തിരുവാങ്കുളം: കുരീക്കാട് റെയില്‍വേ മേല്‍പ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. ഒരാഴ്ചയ്ക്കകം വിശദമായ വാല്യുവേഷന് റിപ്പോര്‍ട്ട് തയാറാക്കാനും മന്ത്രി നിര്‍ദേശം നല്കി.
പാലത്തിനും അപ്രോച്ച് റോഡിനും 1.92 ഏക്കറാണ് ഏറ്റെടുക്കേണ്ടത്. മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കളക്ടര്‍ ജി. പ്രിയങ്ക, പൊതുമരാമത്ത്, റവന്യൂ ഭൂരേഖ തഹസില്‍ദാര്‍, കിഫ്ബി തഹസില്‍ദാര്‍, പിറവം, മണീട് വില്ലേജ് ഓഫീസമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനായി ചില കെട്ടിടങ്ങളുടെ വില നിര്‍ണയം നടത്തിയിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ആര്‍ഡിബിസി ഉദ്യോഗസ്ഥന് യോഗത്തില്‍ അറിയിച്ചു. അഞ്ച് കെട്ടിടങ്ങളുടെ വില നിര്‍ണയിച്ചു കിട്ടാനുണ്ടെന്ന് സ്പെഷല്‍ തഹസില്‍ദാര്‍ വ്യക്തമാക്കിയതിനെ തുടർന്ന് ഈ കെട്ടിടങ്ങളുടെ വില നിര്‍ണയിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് മന്ത്രി നിര്‍ദ്ദേശം നല്കി. അനൂപ് ജേക്കബ് എംഎല്‍എ ആയിരുന്നപ്പോള്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് അന്നത്തെ സര്‍ക്കാര്‍ സ്ഥലമേറ്റെടുക്കാന്‍ കളക്ടര്‍ക്ക് അനുമതി നല്‍കിയത്.