തിരുവാങ്കുളം: കുരീക്കാട് റെയില്‍വേ മേല്പാലത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഭൂമിയുടെ വില നിര്‍ണയവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ലഭിച്ച 17 വിശദമായ മൂല്യനിര്‍ണയ റിപ്പോര്‍ട്ടുകള്‍ക്ക് അംഗീകാരം നല്കിയിട്ടുള്ളതായും ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പാല നിര്‍മാണത്തിനാവശ്യമായ സ്ഥലമേറ്റെടുക്കാന്‍ 31.2 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
തുക ലഭ്യമാകുന്ന മുറയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. 41സ്ഥലമുടമകളില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്. ഇവരുടെ സ്ഥലങ്ങളുടെ വിശദമായ മൂല്യനിര്‍ണയ സ്റ്റേറ്റ്മെന്റിന് ജില്ലാ കളക്ടര്‍ അംഗീകാരം നല്കിയിട്ടുള്ളതായും ആവശ്യമായ 31.2 കോടി രൂപ ആര്‍ബിഡിസി ലഭ്യമാക്കി റവന്യൂ വകുപ്പിന് കൈമാറിയാല്‍ ഒന്നര മാസത്തിനകം സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്നും ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക അറിയിച്ചു.
മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റിലെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ഡി. രാജു, സ്പെഷല്‍ തഹസില്‍ദാര്‍, കിഫ്ബി, ആര്‍ബിഡിസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.