നെൽസൺ തോമസ്
പ്രസാധകർ: ഡിസി ബുക്സ്, വില: 299 രൂപ
12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി മൂന്നാറിലെ മലനിരകളെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റാറുണ്ട്. എന്നാൽ ടൂറിസ്റ്റ് ബ്രോഷറുകളിൽ കാണുന്ന ഉപരിപ്ലവമായ സൗന്ദര്യത്തിനപ്പുറം ചോലവനങ്ങളുടെ ഉള്ളറകളിലും പഴയ കൊളോണിയൽ ബംഗ്ലാവുകളിലും കാലം ബാക്കിവച്ച ചില മുറിവുകളുണ്ട്.
പതിവ് ക്രൈം ത്രില്ലറുകളുടെ ചടുലതയ്ക്കപ്പുറം മൂന്നാറിന്റെ ഭൂമിശാസ്ത്രത്തെയും ചരിത്രത്തെയും മനുഷ്യമനസിന്റെ സങ്കീർണതകളെയും കാവ്യാത്മകമായി അടയാളപ്പെടുത്തുകയാണ് ഡോ. നെൽസൺ തോമസിന്റെ പുതിയ നോവലായ "കുറിഞ്ഞി പൂക്കുമ്പോൾ'.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതി, മലയാളത്തിലെ ത്രില്ലർ സാഹിത്യത്തിന് തികച്ചും പുതുമയാർന്ന ഒരു "അറ്റ്മോസ്ഫെറിക് ബൊട്ടാണിക്കൽ ത്രില്ലർ' അനുഭവമാണ് സമ്മാനിക്കുന്നത്.
"ഓർമകൾക്ക് ചെടികളുടെ സ്വഭാവമാണ്. ചിലത് കാലം കഴിയുമ്പോൾ വാടിപ്പോകും. മറ്റുചിലത്, മണ്ണിനടിയിൽ വർഷങ്ങളോളം ഉറങ്ങിക്കിടന്ന്, കൃത്യമായ ഒരു ഋതുവിൽ, ഒരു മുന്നറിയിപ്പുമില്ലാതെ വീണ്ടും മുളച്ചുപൊങ്ങും.
അത്തരത്തിൽ മുളച്ചുപൊങ്ങുന്ന ഓർമകൾക്ക് ചിലപ്പോൾ പൂക്കളുടെ ഭംഗിയുണ്ടാകാം, മറ്റുചിലപ്പോൾ മുള്ളുകളുടെ മൂർച്ചയും' എന്ന ആഴമുള്ള ജീവിതദർശനത്തോടെയാണ് നോവൽ ആരംഭിക്കുന്നത്.
27 വർഷങ്ങൾക്ക് ശേഷം ഭാര്യയുടെ ഓർമകൾ തങ്ങിനിൽക്കുന്ന കാടിനോട് ചേർന്ന പഴയ ബംഗ്ലാവിലേക്ക് മടങ്ങിയെത്തുന്ന ഫോറസ്റ്റ് ഓഫീസറായിരുന്ന ഗോപാൽ നമ്പ്യാരിലൂടെയും മകൾ ഇഷയിലൂടെയും മരുമകൻ അർജുനിലൂടെയും കൊച്ചുമകൾ താരയിലൂടെയുമാണ് കഥ വികസിക്കുന്നത്.
ആ വീടിന്റെ ഏകാന്തതയിലേക്ക് പ്രവേശിക്കുന്ന അവരെ കാത്തിരുന്നത് നിശബ്ദമായി എല്ലാം നോക്കിക്കാണുന്ന കാടും വേരുകളിൽ നമ്മൾ മറന്ന പലതിന്റെയും ഓർമകൾ സൂക്ഷിക്കുന്ന പ്രകൃതിയുമായിരുന്നു.
കാലവും കാടും പറയുന്ന കഥ
വർത്തമാനകാലത്തിനൊപ്പം ഒരു നൂറ്റാണ്ടിനു മുമ്പുള്ള മറ്റൊരു കാലഘട്ടവും നോവലിൽ സമാന്തരമായി സഞ്ചരിക്കുന്നുണ്ട്. 1920 കളിൽ മൂന്നാറിലെ തേയിലത്തോട്ടങ്ങൾ അടക്കിവാണിരുന്ന ലാംഗ്ഫോർഡ് സായിപ്പിന്റെ അധിനിവേശ കൗതുകങ്ങളും 1924ലെ മഹാപ്രളയം മൂടിപ്പോയ രഹസ്യങ്ങളും ഒരു നൂറ്റാണ്ടിനിപ്പുറം വർത്തമാനകാലത്തിലേക്ക് പടർന്നുകയറുന്നതിന്റെ ഉദ്വേഗജനകമായ ചിത്രമാണ് എഴുത്തുകാരൻ വരച്ചിടുന്നത്.
തണുത്ത കാറ്റിൽ പടരുന്ന പഴുത്തഴുകിയ പഴങ്ങളുടെ ഗന്ധവും കോടമഞ്ഞിന്റെ നേർത്ത തണുപ്പും രാത്രികളിൽ ചുമരുകൾക്കുള്ളിൽ കേൾക്കുന്ന ഉറക്കമില്ലാത്തവരുടെ താരാട്ടുപോലെയുള്ള തേങ്ങലുകളും വായനക്കാരെ മൂന്നാറിന്റെ നിഗൂഢമായ അന്തരീക്ഷത്തിലേക്ക് നേരിട്ട് കൂട്ടിക്കൊണ്ടുപോകും.
പ്രാദേശിക മിത്തുകളുടെയും അന്ധവിശ്വാസത്തിന്റെയും മൂടുപടത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന പച്ചയായ യാഥാർഥ്യങ്ങളെ ശാസ്ത്രത്തിന്റെയും യുക്തിയുടെയും വെളിച്ചത്തിൽ അഴിച്ചെടുക്കുമ്പോഴും പ്രകൃതിയുടെ കാവ്യനീതിയെ ഈ നോവൽ ഉയർത്തിപ്പിടിക്കുന്നു.
"ചെടി കള്ളം പറയില്ല; നമ്മൾ എന്ത് കൊടുക്കുന്നോ, അത് കാലം കൊണ്ട് ഒരു ദയയുമില്ലാതെ തിരിച്ചുതരും' എന്ന ഓർമപ്പെടുത്തലോടെ, ഗൗരവമുള്ള വായനയെ ഇഷ്ടപ്പെടുന്ന ഓരോ പുസ്തകപ്രേമിയും തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നായി "കുറിഞ്ഞി പൂക്കുമ്പോൾ' മാറുന്നു.