തൊടുപുഴ: നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ബംഗ്ലാംകുന്ന് പ്രദേശത്ത് കുറുക്കന്മാരുടെ ശല്യം രൂക്ഷമായതായി പരാതി. രാത്രി സമയങ്ങളില്‍ കൂട്ടമായി എത്തുന്ന കുറുക്കന്മാര് വീടിനു പുറത്തുള്ള ചെരുപ്പുകള്‍, തുണികള്‍, മറ്റു സാധനങ്ങള്‍ എന്നിവ എടുത്തുകൊണ്ടുപോകുകയും കടിച്ചുകീറുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കുറുക്കന്മാരുടെ ശല്യം കാരണം ചെരുപ്പുകളും മറ്റു വീട്ടുപകരണങ്ങളും രാത്രി വീട്ടിനുള്ളില്‍ എടുത്തുവയ്ക്കേണ്ട സാഹചര്യമാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.
വളര്‍ത്തുമൃഗങ്ങളെയും കുട്ടികളെയും ഇവ ആക്രമിക്കുമോയെന്ന ആശങ്കയും പ്രദേശവാസികള്‍ പങ്കുവയ്ക്കുന്നു. വന്യജീവികളുടെ സാന്നിധ്യം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി പരിശോധന നടത്തി ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.