ഇരിങ്ങാലക്കുട: കേരള നവോഥാന ചരിത്രത്തിലെ നിര്‍ണായക അധ്യായമായ കുട്ടംകുളം സമരത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ സമരഭൂമിയില്തന്നെ സ്മാരകം നിര്‍മിക്കണമെന്ന് മുന്‍മന്ത്രി കെ. രാജന് എംഎല്‍എ ആവശ്യപ്പെട്ടു.
സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരസ്മരണ സായാഹ്നം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ചാത്തന് മാസ്റ്ററെ അദ്ദേഹംനയിച്ച കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളില്‍നിന്ന് വേര്‍തിരിക്കാനാവില്ലെന്നും ജാതിവ്യവസ്ഥയ്ക്കും സാമൂഹിക അസമത്വങ്ങള്‍ക്കുമെതിരേ നടന്ന പോരാട്ടങ്ങളുടെ ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും കെ. രാജന് എംഎല്‍എ പറഞ്ഞു.
കുട്ടംകുളം സമരത്തില്‍ പങ്കെടുത്ത ചാത്തന് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള സമരനായകരുടെ സ്മരണയ്ക്കായി സര്‍ക്കാര്‍ സ്മാരകം നിര്‍മിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദനും ആവശ്യപ്പെട്ടു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുധീഷ്, മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, കെ. ശ്രീകുമാര്‍, അഡ്വ. പി.ജെ. ജോബി, മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.