വൈക്കം: നഗരസഭ പരിധിയിലെ 38 ഏക്കർ വിസ്തൃതിയുള്ള നാറാണത്ത് ബ്ലോക്ക് കൃഷിയോഗ്യമാക്കുന്നതിനായി കുട്ടനാടു പാക്കേജിൽ ഉൾപ്പെടുത്തി പദ്ധതി വിഭാവനം ചെയ്യുന്നു. വർഷങ്ങളായി കൃഷി ചെയ്യാതെ പുല്ലും പോളയും കുറ്റി ച്ചെടികളും വളർന്ന് തിങ്ങിയ നിലയിലാണ് നാറാണത്ത് പാടശേഖരമിപ്പോൾ. പാടശേഖരത്തിലെ കാട് തെളിച്ച് പുറബണ്ട് തകർന്ന ഭാഗങ്ങളിൽ ബണ്ട് ബലപ്പെടുത്തി പുതിയ പെട്ടിയും പറയും സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കായി 75 ലക്ഷം രൂപയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. 38 ഏക്കർ വരുന്ന പാടശേഖരത്തിൽ 30ഓളം കർഷകരുണ്ട്. പുറബണ്ട് ചില സ്ഥലങ്ങളിൽ തകർന്നതും ശുദ്ധജല ലഭ്യതക്കുറവുമാണ് കർഷകർക്ക് തിരിച്ചടിയാത്. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തമൂലം കർഷകർ കൃഷിയിൽനിന്ന് പിൻവാങ്ങുകയായിരുന്നു.
ഇറിഗേഷൻ അധികൃതർ എസ്റ്റിമേറ്റെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫിസറും തുടർ നടപടി സ്വീകരിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാറാണത്തു ബ്ലോക്ക് കൃഷിയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ അധികൃതർ. വളരെ ഉയരത്തിൽ പുല്ലും കുറ്റിച്ചെടികളും വളർന്ന പാടശേഖരം വിഷപ്പാമ്പുകളുടെ ആവാസകേന്ദ്രമായി. പാടശേഖരത്തിന് ചുറ്റുമായി 30ഓളം വീടുകളുണ്ട്. വീടുകളുടെ ഉള്ളിലേക്ക് മൂർഖനും അണലിയുമൊക്കെ ഇഴഞ്ഞെത്തുന്നത് പതിവായതോടെ പ്രദേശവാസികളും കടുത്ത ഭീതിയിലാണ്.
പാടശേഖരം തരിശായി കിടക്കുന്നത്
പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു
നാറാണത്ത് പാടശേഖരം ഉൾപ്പെട്ടപ്രദേശം വളരെ താഴ്ന്നതായതിനാൽ വെള്ളപ്പൊക്ക ദുരിതമുണ്ട്. ബണ്ടു ബലപ്പെടുത്തി കൃഷി നടന്നാൽ കർഷർക്ക് വരുമാനം ലഭിക്കുന്നതിന് പുറമെ വെള്ളപ്പൊക്ക ദുരിതത്തിനും പരിഹാരമാകും. പാടം കാടുപിടിച്ചതോടെ വിഷപ്പാമ്പുകളുടെ ശല്യമേറിയതായി പരാതിയുണ്ട്.
അബ്ദുൾ സലാം റാവുത്തർ
നഗരസഭ ചെയർമാൻ, വൈക്കം