ലാൽ കൃഷ്ണ അഡ്വാനി ഇന്ന് തന്റെ ജീവിതത്തിന്റെ നൂറാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ആധുനിക ഇന്ത്യയുടെ പല സുപ്രധാന അധ്യായങ്ങളിലൂടെയും കടന്നുപോയ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. 1927 നവംബർ എട്ടിനാണ് അദ്ദേഹം ജനിച്ചത്.
1947ൽ യുവാവായിരിക്കുമ്പോൾതന്നെ സിന്ധിലെ പരിചിതമായ ലോകം ഉപേക്ഷിച്ചുപോരേണ്ടിവന്നതിന്റെ വേദന അദ്ദേഹം അനുഭവിച്ചു. എന്നാൽ, യാതൊരു നീരസവുമില്ലാതെ അദ്ദേഹം തന്റെ ജീവിതം പൂജ്യത്തിൽനിന്ന് വീണ്ടും കെട്ടിപ്പടുത്തു. എല്ലാ പ്രതിസന്ധികൾക്കുമെതിരേ പോരാടി, ഒന്നുമില്ലായ്മയിൽനിന്ന് കെട്ടിപ്പടുക്കാനുള്ള ഈ കഴിവ് അദ്ദേഹത്തോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു.
രണ്ട് സവിശേഷതകൾ ഒരു നേതാവ് എന്ന നിലയിൽ അഡ്വാനിയെ എല്ലായ്പോഴും വേറിട്ടു നിർത്തി. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര വ്യക്തതയും ബൗദ്ധിക മൂർച്ചയുമാണ് ഒന്നാമത്തേത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലും ഇത് പ്രതിഫലിച്ചിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയൊരു വിഭാഗം വർഷങ്ങളായി മുന്നോട്ടുവച്ച വ്യാജ മതേതരത്വത്തെ അദ്ദേഹം തുറന്നുകാട്ടിയ രീതിയാണ് രണ്ടാമത്തേത്.
തനിക്കു ലഭിച്ച ഓരോ ഉത്തരവാദിത്വവും അഡ്വാനിജി വളരെ ശ്രദ്ധയോടെ നിർവഹിച്ചു. 1970ൽ അഡ്വാനിയുടെ പാർലമെന്ററി ജീവിതം ആരംഭിച്ചു. പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഒരു എംപി എന്ന നിലയിലും പിന്നീട് ഇരുസഭകളിലെയും പ്രതിപക്ഷ നേതാവായും ഭരണപക്ഷത്തിരുന്നും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്ററി ഉത്തരവാദിത്വങ്ങൾക്കിടയിലും ജനങ്ങളെ നേരിട്ട് കാണുന്നതിനായി അദ്ദേഹം ഇന്ത്യയിലുടനീളം നിരന്തരം സഞ്ചരിച്ചു.
1991ലെ ലോക്സഭാ തെരഞ്ഞെടുപ്പ് എനിക്ക് ഇപ്പോഴും വ്യക്തമായി ഓർമയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കാൻ തീരുമാനിച്ച രണ്ട് സീറ്റുകളിൽ ഒന്നായിരുന്നു ഗാന്ധിനഗർ. ഗാന്ധിനഗറിലെ ജനങ്ങൾ അദ്ദേഹത്തെ പലതവണ പാർലമെന്റിലേക്ക് തെരഞ്ഞെടുത്തു. തന്റെ മണ്ഡലത്തോട് അദ്ദേഹം കാണിച്ച കരുതലും ശ്രദ്ധയും ഏവരും കണ്ടുപഠിക്കേണ്ട ഒന്നാണ്.
അടിയന്തരാവസ്ഥ അഡ്വാനിജിയുടെ ജീവിതത്തിലെ ഒരു നിർണായക വഴിത്തിരിവായിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും ഭരണഘടന കാത്തുസൂക്ഷിക്കുന്നതിനുമുള്ള പോരാട്ടത്തിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. ആ അനുഭവങ്ങൾ അദ്ദേഹത്തിന്റെ ‘എ പ്രിസണേഴ്സ് സ്ക്രാപ്പ്ബുക്ക്’ എന്ന പുസ്തകത്തിൽ ഇടംപിടിച്ചു.
ഉജ്വലനായ ഒരു പ്രതിപക്ഷ നേതാവ് മാത്രമല്ല, മികച്ചൊരു ഭരണകർത്താവ് കൂടിയായിരുന്നു അഡ്വാനി. 1977ൽ ജനതാ സർക്കാർ അധികാരത്തിൽ വന്നപ്പോൾ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി ചുമതലയേറ്റു. ഉപപ്രധാനമന്ത്രി എന്ന നിലയിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ആഭ്യന്തരമന്ത്രിമാരിൽ ഒരാളെന്ന നിലയിലും ഇന്ത്യയുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. നമ്മുടെ സുരക്ഷാ സേനാംഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ വലിയ ആദരവോടെ സ്മരിക്കപ്പെടുന്നു. ഭീകരവാദത്തിനെതിരേയുള്ള അദ്ദേഹത്തിന്റെ അസന്ദിഗ്ധ നിലപാട് ഇന്ത്യക്ക് ശക്തമായ ഒരു ഭീകരവിരുദ്ധ നിയമം ലഭിക്കുന്നതിന് വഴിയൊരുക്കി.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ മുഹൂർത്തങ്ങളിലൊന്നായിരുന്നു സോമനാഥിൽനിന്ന് അയോധ്യയിലേക്കുള്ള രഥയാത്ര. ബിഹാറിൽവച്ച് അദ്ദേഹം അറസ്റ്റിലായ സങ്കടകരമായ നിമിഷങ്ങളുടെ ഓർമകളും എന്റെ മനസിലുണ്ട്.
അഡ്വാനിജിയുടെ വ്യക്തിത്വത്തെ വേറിട്ടു നിർത്തുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, അദ്ദേഹത്തിന്റെ ലാളിത്യം. നവനിർമാൺ പ്രസ്ഥാനത്തിനുശേഷം അദ്ദേഹം ജുനഗഢിലെത്തി ഒരു സാധാരണ പ്രവർത്തകനെപ്പോലെ ഒരു മാസത്തോളം താമസിച്ചു. കോൺഗ്രസിനെ ജനങ്ങൾ തള്ളിക്കളഞ്ഞ ആ നിയമസഭാ തെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കിയത് അദ്ദേഹമായിരുന്നു. പൊതുജീവിതത്തിൽ എത്രത്തോളം സത്യസന്ധതയും ധാർമികതയും പുലർത്താമെന്ന് അദ്ദേഹം എപ്പോഴും കാണിച്ചുതന്നു. വായനയിൽ അതീവ താത്പര്യമുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചിട്ടുള്ളവർക്കറിയാം, എത്രത്തോളം ശ്രദ്ധയോടെയാണ് അദ്ദേഹം പത്രങ്ങൾ വായിക്കുന്നതെന്ന്. സിനിമയുടെയും നാടകത്തിന്റെയും വലിയൊരു ആരാധകനായ അദ്ദേഹം, നല്ലൊരു സിനിമാ നിരൂപകൻകൂടിയായിരുന്നു. ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ‘മൈ കൺട്രി മൈ ലൈഫ്’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ വ്യക്തമാണ്.
അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ജീവിതയാത്രയെക്കുറിച്ചു പറയുമ്പോൾ, കമലാ അഡ്വാനിയെക്കുറിച്ച് പരാമർശിക്കാതെ അത് പൂർണമാകില്ല. അദ്ദേഹത്തിന്റെ പൊതുജീവിതത്തിലുടനീളം കരുത്തും പിന്തുണയും നൽകിയ വ്യക്തിയായിരുന്നു അവർ. അദ്ദേഹത്തോടുള്ള നന്ദിസൂചകമായി 2024ൽ ഭാരതരത്ന നൽകി അദ്ദേഹത്തെ ആദരിച്ചു. അഡ്വാനിജി തന്റെ ജീവിതത്തിന്റെ നൂറാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ അദ്ദേഹത്തിന് ആയുരാരോഗ്യമുണ്ടാവട്ടെയെന്നും നമ്മെ ഏവരെയും എന്നത്തെയുംപോലെ ഇനിയും പ്രചോദിപ്പിക്കുന്നത് തുടരാൻ കഴിയട്ടെയെന്നും ഞാൻ പ്രാർഥിക്കുന്നു.