തിരുവനന്തപുരം: എക്സൈസ് മന്ത്രിയറിയാതെ കമ്മിഷണർക്കും ഡപ്യൂട്ടി കമ്മിഷണർമാർക്കും ബാർ ലൈസൻസ് നൽകാനും പുതുക്കാനും അനുമതി നൽകിയത് മുൻ എൽഡിഎഫ് സർക്കാരുകളുടെ കാലത്താണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ അറിയാതെ ഒരു ബാറും കൊടുക്കാൻ പാടില്ലാത്ത തരത്തിലുള്ള നിയമം കൊണ്ടുവരും.
യുഡിഎഫ് സർക്കാരിന്റെ മദ്യനയം വൈകാതെ തന്നെയുണ്ടാകും. ബാറുകൾക്കു ലൈസൻസ് നൽകിയതിൽ ഉദ്യോഗസ്ഥ തലത്തിൽ അഴിമതിയുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇക്കാര്യത്തിൽ മുൻവിധിയോടു കൂടി ഒന്നും പറയാൻ താനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
“അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കൽ സാധ്യമല്ല”
നിലവിലെ ധനസ്ഥിതി അനുസരിച്ചു സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കൽ സാധ്യമല്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. സമരം നടത്തുന്നവരെ അവഗണിക്കുന്ന സമീപനമല്ല സർക്കാരിന്റേത്. എട്ടുതവണ പൊതുവിദ്യാഭ്യാസ മന്ത്രി സമരക്കാരുമായി ചർച്ച നടത്തി. രണ്ടുതവണ മുഖ്യമന്ത്രിയും ചർച്ച നടത്തി. മന്ത്രിയുടെ സെക്രട്ടറി സമരപ്പന്തലിൽ പോയി സമരം അവസാനിപ്പിക്കാൻ ചർച്ചയ്ക്കു ക്ഷണിച്ചു.
അഞ്ച് ആവശ്യങ്ങളിൽ നാലും സർക്കാർ അംഗീകരിച്ചു. അധ്യാപക-വിദ്യാർഥി അനുപാതം മാറ്റൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തും നടക്കില്ലെന്നു പറഞ്ഞതാണ്. ഇപ്പോഴത്തെ ധനസ്ഥിതി അനുസരിച്ച് എൽപിഎസ്ടി അനുപാതം കുറച്ചാൽ പുതിയ തസ്തിക സൃഷ്ടിക്കേണ്ടിവരും.
അങ്ങനെയെങ്കിൽ ഹയർ സെക്കൻഡറി വരെ അനുപാതം മാറ്റേണ്ടിവരും. സർക്കാർ സ്കൂളുകളിലെ അനുപാതം മാറ്റിയാൽ എയ്ഡഡ് സ്കൂളുകളും ഇത് ആവശ്യപ്പെടും. അവർ കോടതിയിൽ പോകും. അവർക്കും അനുവദിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രാവബോധം വിശ്വാസങ്ങളെ ഹനിക്കുന്നതല്ല: മുഖ്യമന്ത്രി
ശാസ്ത്രാവബോധം വിശ്വാസങ്ങളെ ഹനിക്കുന്നതല്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളജിൽ ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെന്പർ ആദ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.